ജെഡിയു എൻഡിഎയിലേക്ക്

By Web DeskFirst Published Aug 19, 2017, 12:41 PM IST
Highlights

ന്യൂഡല്‍ഹി: ജെ.ഡി.യു നിതീഷ് കുമാര്‍ വിഭാഗം എൻ.ഡി.എയിൽ ചേര്‍ന്നു. എൻ.ഡി.എയിൽ ചേരാനുള്ള പ്രമേയം പട്നയിൽ ചേര്‍ന്ന ജെ.ഡി.യു നിര്‍വ്വാഹക സമിതി യോഗം പാസാക്കി. കേന്ദ്ര മന്ത്രിസഭയിലേക്ക് രണ്ടുമന്ത്രിമാരെയും ജെ.ഡി.യു നിര്‍ദ്ദേശിച്ചു. വിമത നീക്കം നടത്തുന്ന ശരത് യാദവന്‍റെ നേതൃത്വത്തില്‍ സമാന്തര യോഗവും പട്നയിൽ നടന്നു. നിര്‍വ്വാഹക സമിതി യോഗം കേരള ഘടകം ബഹിഷ്കരിച്ചു.

പട്നയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേര്‍ന്ന ജെ.ഡി.യു നിതീഷ്കുമാര്‍ പക്ഷത്തിന്‍റെ യോഗത്തിൽ ശരത് യാദവ് ഒഴികെയുള്ള ഭൂരിഭാഗം മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ബീഹാറിൽ ജെ.ഡി.യു-ബി.ജെ.പി സഖ്യ സര്‍ക്കാര‍് രൂപീകരിച്ചതിന് ശേഷം എൻ.ഡി.എയിലേക്ക് തിരിച്ചെത്താനുള്ള ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ ആവശ്യം നിര്‍വ്വാഹ സമിതി അംഗീകരിച്ചു. അതിനായുള്ള പ്രമേയവും പ്രാസാക്കി. കേന്ദ്ര മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ച ജെ.ഡി.യു ആര്‍.സി.പി.സിംഗ്, സന്തോഷ് കുശ് വാഹ എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. പാര്‍ടിയിൽ പിളര്‍പ്പില്ലെന്നും കേരളത്തിലെ പാര്‍ടി എൽ.ഡി.എഫിനൊപ്പം പോകുന്നു എന്നാണ് അറിയിച്ചിരിക്കുന്നതെന്നും കെ.സി.ത്യാഗി പറഞ്ഞു.

എൻ.ഡി.എ പ്രവേശന കാര്യത്തിൽ തീരുമാനം എടുക്കാൻ ചേര്‍ന്ന യോഗത്തിനെതിരെ ജെ.ഡി.യു ശരത് യാദവ് വിഭാഗവും ആര്‍.ജെ.ഡി പ്രവര്‍ത്തകരും നിതീഷ്കുമാറിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നിര്‍വ്വാഹ സമിതി യോഗത്തിന് സമാന്തരമായി ശരത് യാദവ് വിളിച്ച വിമത യോഗത്തിൽ 21 നേതാക്കൾ പങ്കെടുത്തു. ശരത് യാദവ് എല്ലാ പരിധിയും ലംഘിച്ചുവെന്നാണ് നിതീഷ് പക്ഷ യോഗം വിലയിരുത്തിയത്. അതേസമയം ഇപ്പോൾ ശരത് യാദവിനെതിരെ എന്തെങ്കിലും നടപടി ആലോചിക്കുന്നില്ലെന്ന് പാര്‍ടി വക്താവ് കെ.സി.ത്യാഗി അറിയിച്ചു.
 

click me!