ട്രാക്കിലെ താരമായി ജെറിൻ; കോളേജ് ഗെയിംസില്‍ ഓടിയെടുത്തത് മൂന്ന് സ്വര്‍ണം

By Web DeskFirst Published Mar 5, 2018, 8:20 PM IST
Highlights
  • ട്രാക്കില്‍ ഓടിയെടുത്തത് മൂന്ന് സ്വര്‍ണം
  • മയലോരത്ത് നിന്നുള്ള താരം
  • നൊമ്പരമായി പിതാവിന്‍റെ വിയോഗം

കോഴിക്കോട്  : കോഴിക്കോട് സമാപിച്ച സംസ്ഥാന കോളേജ് ഗെയിംസില്‍ ട്രാക്കിൽ നിന്നും മൂന്ന് സ്വർണം ഓടിയെടുത്ത് ജെറിൻ ജോസഫ്. കോട്ടയം പാലാ അൽഫോൻസാ കോളെജിലെ ജെറിൻ ജോസഫാണ് ട്രാക്കിലെ താരമായത്. ആദ്യദിനം നാനൂറ് മീറ്ററിൽ സ്വർണം നേടിയ ഈ കായികതാരം രണ്ടാം ദിനം നാനൂറ് മീറ്റർ ഹഡിലിലും സമാപനദിനം റില‌െയിലും സ്വർണം നേടി ശ്രദ്ധേയയായി. ഒരുമിനുറ്റിനും 1.63 സെക്കന്‍റിനും നാനൂറ് മീറ്റർ ഹഡിൽ പൂർത്തിയാക്കി എതിരാളികളെ ജെറിൻ ബഹുദൂരം പിന്നിലാക്കിയാണ് ഡബിൾ സ്വന്തമാക്കിയത്. 

ഇന്നലെ നടന്ന 4X400 മീറ്റർ റിലേയിൽ റിക്കോർഡോടെയാണ് ജെറിൻ അടങ്ങിയ സംഘം സ്വർണം നേടിയത്. 3 മിനുറ്റും 53.82 സെക്കന്‍റും കൊണ്ടാണ് ജെറിൻ ജോസഫിനൊപ്പം അൽഫോൻസാ കോളെജിലെ നിമ്മി, എമിലി, ആതിരാശശി എന്നിവരടങ്ങുന്ന സംഘം 2014ൽ കോതമംഗലം മാർ അത്തനേഷ്യസ് കേളേജ് വിദ്യാർഥികൾ സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയാക്കിയത്. 

കോട്ടയം പാലാ പാദുവായിൽ നിന്നുമെത്തിയാണ് ജെറിൻ ട്രാക്കിലെ താരമാകുന്നത്. കായികരംഗത്തെ ഏറെ സ്നേഹിക്കുന്ന മലയോരത്ത് നിന്നുള്ള വി.ജെ. ജോസഫിന്‍റെ മകളായ ഈ കായികതാരത്തിന് എന്നും ട്രാക്കിലെ ഊർജവും പിതാവായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോൾ കാലിന് വേദനയെ തുടർന്ന് ഫീൽഡ് ഉപേക്ഷിക്കാനൊരുങ്ങിയ ജെറിനെ ട്രാക്കിൽ തുടരണമെന്ന് പ്രേരിപ്പിക്കുന്നതും പിതാവാണ്. ട്രാക്കിലെ ഓട്ടം ഇന്ന് സംസ്ഥാനത്തിന്‍റെ നെറുകയിലെത്തിയത് കാണാൻ പിതാവ് ജോസഫ് ഇല്ലാത്തത് ജെറിന് നോമ്പരമാകുന്നുണ്ട്. 

തന്‍റെ ട്രാക്കിലെ വിജയം ഏറ്റവും ആഗ്രഹിച്ച പിതാവ് ഒന്നര വർഷം മുൻപാണ് മരണപ്പെടുന്നത്. തുടർന്ന് മാതാവ് മേഴ്സി ജോസഫിന്‍റെ പിൻബലത്താണ് ഈ കായികതാരം തിളങ്ങുന്നത്. 
എംഎ പോളിറ്റിക്സ് ഒന്നാം വർഷ വിദ്യാർഥിനിയായ താരം ദേശീയ ചാംപ്യൻഷിപ്പുകളിലെ റിലേ മത്സരങ്ങളിലും 400, 400 ഹഡിൽ മത്സരങ്ങളിൽ പല തവണ മെഡലുകൾ നേടിയിട്ടുണ്ട്. തങ്കച്ചൻ പീറ്ററാണ് കോച്ച്. പിതാവിന്‍റെ സ്മരണയിൽ ട്രാക്കിലെ മികവിൽ ലഭിക്കുന്ന ഓരോ മെഡലുകളും അദ്ദേഹത്തിന് സമർപ്പിച്ചാണ് ജെറിൻ ജോസഫ് മുന്നേറുന്നത്. 
 

click me!