ജസ്നയെ കാണാതായിട്ട് നൂറ് ദിവസം, സിബിഐ അന്വേഷണം പ്രതീക്ഷിച്ച് കുടുംബം

By Web DeskFirst Published Jun 29, 2018, 2:04 AM IST
Highlights
  • ജസ്നയെ കാണാതായിട്ട് നൂറ് ദിവസം, സിബിഐ അന്വേഷണം പ്രതീക്ഷിച്ച് കുടുംബം

പത്തനംതിട്ട: വെച്ചൂച്ചിറയിലെ കോളേജ് വിദ്യാർഥിനി ജസ്നയെ കാണാതായിട്ട് ഇന്നേക്ക് 100 ദിവസം തികഞ്ഞു. അന്വേഷണത്തിൽ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ കോടതിയിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.  കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്നയെ മാർച്ച് 22 നാണ് കാണാതാകുന്നത്. അയൽ വാസിയായ ലൗലിയോട് മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിൽ പോകുന്നുവെന്ന് ജസ്ന പറഞ്ഞിരുന്നു. മുക്കൂട്ടു തറയിൽ നിന്നും ബസിൽ കയറിയ ജസ്ന എരുമേലി ബസ്റ്റാന്‍റിൽ എത്തിയതിനും സാക്ഷികളുണ്ട്. 

മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നാണ് കരുതുന്ന്. മാർച്ച് 22ന് എരുമേലി പോലീസിലും അടുത്ത ദിവസം വെച്ചൂച്ചിറയിലും പിതാവ് ജയിംസ് പരാതി നൽകിയെങ്കിലും തുടക്കത്തിൽ അന്വേഷണം ഇഴഞ്ഞുനീങ്ങി. മെയ് 18ന് പ്രത്യേക അന്വേഷണ സംഘം നിലവിൽ വന്നു. മരിക്കാൻ പോകുന്നു എന്ന് സുഹൃത്തിന് അയച്ച സന്ദേശം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.

പിതാവ് ജയിംസിന്‍റെ നിർമാണ സ്ഥലങ്ങളിൽ പരിശോധന നടന്നിട്ടും ഫലമുണ്ടായില്ല. ഇതിനകം ഒരുലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം നടന്നു. വനങ്ങളിലും പരിശോധിച്ചു. വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം റിവാർഡു പ്രഖ്യാപിച്ചെങ്കിലും തുമ്പുണ്ടായില്ല. തട്ടികൊണ്ട് പോയതല്ലെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചതിനെ കുടുംബം ചോദ്യം ചെയ്യുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമരവും നടത്തി. ഇത്രയും അന്വേഷണം നടത്തിയിട്ടും തെളിയിക്കാനാകാതെ പോയ മറ്റൊരു കേസ് അടുത്തിടെ വേറെ ഇല്ലെന്നത് പൊലീസിനും നാണക്കേടുണ്ടാക്കുന്നുണ്ട്. 

click me!