മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിനെതിരെ ജെറ്റ് എയര്‍വെയ്സ് മാനനഷ്ടക്കേസ് നല്‍കി

By Web DeskFirst Published Dec 15, 2016, 7:56 AM IST
Highlights

ജോസി ജോസഫ് രചിച്ച 'കഴുകന്മാരുടെ വിരുന്ന്' (A Feast of Vultures) എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് കമ്പനിക്ക് മാനനഷ്ടമുണ്ടാക്കിയെന്ന് ജെറ്റ് എയര്‍വെയ്സ് നല്‍കിയ പരാതിയില്‍ പറയുന്നത്. 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് കേസുകളാണ് കമ്പനിയും ഉടമ നരേഷ് ഗോയലും നല്‍കിയത്. ജോസി ജോസഫിനും പ്രസാധാകരായ ഹാര്‍പര്‍ കോളിന്‍സിനെതിരെയും പുസ്തകത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഔട്ട്‍ലുക്ക് ഇന്ത്യക്കെതിരെയുമാണ് കേസ്. മാനനഷ്ടക്കേസ് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ജോസി ജോസഫിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. എന്നാല്‍ പുസ്തകത്തില്‍ ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നും എല്ലാ നിയമപോരാട്ടങ്ങള്‍ക്കും തയ്യാറാണെന്നും അഭിഭാഷകനായ ഉത്തം ദത്ത് പറഞ്ഞു.

ജെറ്റ് എയര്‍വെയ്സ് ഉടമ നരേഷ് ഗോയലിന് ഛോട്ടാ ഷക്കീല്‍, ദാവൂദ് ഇബ്രാഹിം എന്നിവരുമായുള്ള ബന്ധം 2001ല്‍ അന്നത്തെ ഐ.ബി മേധാവി കെ.പി സിങും ജോയിന്റ് ഡയറക്ടര്‍ അഞ്ജന്‍ ഘോഷും സ്ഥിരീകരിച്ചതായി പുസ്തകത്തില്‍ ജോസി ജോസഫ് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം അറിയിച്ച് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെന്നും ജോസി ജോസഫ് പറയുന്നു. 

ജോസി ജോസഫുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ എബി തരകന്‍ നടത്തിയ അഭിമുഖം കാണാം...നാമറിയാത്ത ഇന്ത്യന്‍ അഴിമതിക്കഥകള്‍

പുസ്തകം പുറത്തിറങ്ങുന്നതോടെ അതൊരു വലിയ യുദ്ധത്തിന് വഴി തുറക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹം വിവിധ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം താന്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയ ആയിരക്കണക്കിന് പേജ് വരുന്ന രേഖകള്‍ എല്ലാ ആരോപണവും സാധൂകരിക്കും. നിയമപരമായി പലതവണ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ് തന്റെ പുസ്തകമെന്നും ജോസി ജോസഫ് പറഞ്ഞു.

click me!