
മെഹ്‌സാന: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനിയും ജെ.എന്‍.യു.എസ്.യു മുന്‍ പ്രസിഡന്റ് കനയ്യകുമാറും ഗുജറാത്ത് പൊലീസിൻ്റെ കസ്റ്റഡിയിൽ. ഉനയില്‍ ദളിത് യുവാക്കളെ ഗോ സംരക്ഷകർ ആക്രമിച്ച സംഭവത്തിൻ്റെ വാര്‍ഷികത്തില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചതിനെതിരെയാണ് പൊലീസ് നടപടി. അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചെന്നതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ജിഗ്നേഷിനും കനയ്യയ്ക്കും പുറമേ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ 15 ദളിത് പ്രവർത്തകരും കസ്റ്റഡിയിലാണ്. അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി യോഗം ചേര്‍ന്നു എന്ന കുറ്റം (ഐ.പി.സി സെക്ഷന്‍ 143) ചുമത്തിയാണ് കേസ്.
രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനറായ ജിഗ്നേഷ് മെവാനി ജൂലൈ 13ന് ഗുജറാത്തില്‍ സംഘടിപ്പിച്ച ‘ആസാദി കുച്ച്’ മാര്‍ച്ചില്‍ പങ്കെടുക്കാനായി കനയ്യകുമാറിനെ ക്ഷണിച്ചിരുന്നു. ഇതുപ്രകാരമാണ് കനയ്യകുമാര്‍ എത്തിയത്.
മാര്‍ച്ചില്‍ അണിനിരക്കാനായി സോംനാഥ് ചൗക്കില്‍ ദളിത് ആക്ടവിസ്റ്റുകളും എത്തിയിരുന്നു. മാര്‍ച്ച് നടത്താനായി ജിഗ്നേഷിന് നേരത്തെ അനുവാദം നല്‍കിയിരുന്നെങ്കിലും മെഹ്‌സാന ജില്ലാ അധികൃതര്‍ പിന്നീട് റദ്ദാക്കി. പൊലീസ് പിന്നീട് പുതുക്കി സമർപ്പിച്ച റിപ്പോർട്ടിൽ മാർച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് നേരത്തെ നൽകിയ അനുമതി റദ്ദാക്കിയതെന്നാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൻ്റെ ഉത്തരവിൽ പറയുന്നു.
എന്നാൽ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറച്ചുസമയം കഴിഞ്ഞാല്‍ വിടുമെന്നുമാണ് മെഹ്‌സാന എ. ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. നിശ്ചയിച്ച പ്രകാരം വടക്കന്‍ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ധനേറയില്‍ ഒരാഴ്ചയ്ക്കുശേഷം അവസാനിക്കേണ്ടതായിരുന്നു ഫ്രീഡം മാര്‍ച്ച്. ദളിതര്‍ക്ക് കാര്‍ഷിക ഭൂമി അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് മാര്‍ച്ചിൻ്റെ പ്രധാന അജണ്ട.
അതേസമയം മാര്‍ച്ചിൻ്റെ അടുത്ത ലക്ഷ്യസ്ഥാനമായ ഉഞ്ചയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളതിനാല്‍ മാര്‍ച്ച് തുടരുമെന്ന് കോ കണ്‍വീനര്‍ കൗശിക് പാര്‍മര്‍ അറിയിച്ചു. ഇന്നുരാത്രിയോടെ ഉഞ്ചയിലേക്കെത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 2016 ജൂലൈ 11 നാണ് ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ പശു സംരക്ഷണത്തിൻ്റെ പേരില്‍ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായതും. ഇത് രാജ്യമൊന്നടങ്കം വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam