
മുംബൈ: സൗജന്യമായി ഡാറ്റയും അനവധി ഓഫറുകളും നല്‍കി ഇന്ത്യന്‍ ടെലികോം രംഗത്തെ ഇളക്കിമറിച്ച റിലയന്‍സ് ജിയോ പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു.
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്താണ് ജിയോയുടെ അടുത്ത അങ്കം. രാജ്യത്തെ ഹോം ബ്രോഡ്ബാന്‍ഡ് മേഖലയിലെ മൊത്തം ഇളക്കിമറിച്ചു കൊണ്ടായിരിക്കും ഈ മേഖലയിലേക്കുള്ള ജിയോയുടെ രംഗപ്രവേശം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കി കൊണ്ട് ഈ രംഗം പിടിച്ചെടുക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. 100 എംബി/സെക്കന്‍ഡ് വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവനമാണ് ഒപ്ടിക്കല്‍ കേബിള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിലൂടെ ജിയോ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വീഡിയോ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ തുടങ്ങിയ അനുബന്ധസേവനങ്ങളും ഉണ്ടായിരിക്കും.
എഫ്.ടി.ടി.എച്ച് എന്ന സാങ്കേതികസംവിധാനം ഉപയോഗിച്ചാണ് റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് രംഗത്തേക്ക് വരുന്നത്. നിലവിലുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷനുകളില്‍ വീടോ ഓഫീസോ അങ്ങനെ എവിടെയാണോ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നത് അതിനടുത്ത് വരെ ഫൈബര്‍ കേബിളിലൂടെയും കെട്ടിട്ടത്തിനുള്ളിലേക്ക് സാധാരണ കോപ്പര്‍ കേബിളുകളിലൂടേയുമാണ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നത്.
എന്നാല്‍ വീടോ ഓഫീസോ എവിടെയാണോ ഉപഭോക്താവുള്ളത് അവിടേക്ക് നേരിട്ട് ഫൈബര്‍ കേബിള്‍ വഴി ഡാറ്റ കണക്ഷന്‍ നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. കോപ്പര്‍ കേബിളിനേക്കാള്‍ നൂറിരട്ടിവേഗതയില്‍ ഫൈബര്‍ കേബിള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
നിലവില്‍ ബിഎസ്എന്‍ല്‍ മാത്രമാണ് ഇന്ത്യയില്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ നല്‍കുന്നത്. എന്നാല്‍ ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ മാത്രമാണ് അവര്‍ക്ക് എഫ്.ടി.ടി.എച്ച് സേവനം ലഭ്യമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ മുംബൈ അടക്കം നിരവധി നഗരങ്ങളില്‍ ഇതിനോടകം റിലയന്‍സ് ജിയോ പൈലറ്റ് പദ്ധതിയായി ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് നല്‍കുന്നുണ്ട്. ജൂലൈ അഞ്ചിന് ചേരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ജിയോ ബ്രോഡ്ബാന്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുകേഷ് അംബാനി നടത്തും എന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam