അമീറിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

By Web DeskFirst Published Jun 27, 2016, 9:25 PM IST
Highlights

കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. പ്രതിയെ മുന്‍ പരിചയമില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് ഇരുവരും പ്രതിയെ കണ്ടത്. പ്രതിയെ കണ്ടപ്പോള്‍, ജിഷയെ എന്തിനാണ് കൊന്നതെന്നും, ആരാണ് ഇതിനായി പറഞ്ഞുവിട്ടതെന്നും, ജിഷയുടെ അമ്മ പ്രതിയോട് ചോദിച്ചു. അറിയാതെ പറ്റിപ്പോയെന്നായിരുന്നു ഇതിന് പ്രതിയുടെ മറുപടി. അതേസമയം ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ വട്ടോളിപ്പടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ പ്രതിയെ ഇതാദ്യമായി പെരുമ്പാവൂരില്‍ കൊണ്ടു വന്നത്. നാട്ടുകാര്‍ തടിച്ചു കൂടിയത് മൂലം പ്രതി താമസിച്ച ലോഡ്ജിനകത്ത് കയറാന്‍ പൊലീസിന് കഴിഞ്ഞില്ല.

ആലുവ പൊലീസ് ക്ലബില്‍ പ്രതിയുടെ ചോദ്യം ചെയ്യല്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇതാദ്യമായി പ്രതി അമീറിനെ കൊലനടത്തിയ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടു വന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാവിലെ ആറേകാലിനാണ് കനത്ത പൊലീസ് കാവലില്‍ മുഖം മറച്ച് അമീറിനെ വീട്ടിലെത്തിച്ചത്. പൊലീസ് എത്തിയതോടെ സമീപത്തെ നാട്ടുകാരും തടിച്ചുകൂടി. എന്നാല്‍ വീട്ടില്‍ അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനിടെ യാതൊരു വിധ അനിഷ്ട സംഭവവും ഉണ്ടായില്ല. താന്‍ ഏത് വഴിയാണ് വീട്ടിനുള്ളില്‍ കയറിയതെന്നും കൃത്യം നടത്തിയത് എങ്ങിനെയെന്നും പ്രതി വിശദീകരിച്ചു. തുടര്‍ന്ന് പിന്‍വാതിലിലൂടെ പുറത്ത് കടന്ന സംഘം പ്രതിയേയും കൊണ്ട് സമീപത്തെ കനാലിന് അരികിലെത്തി. കൊലയക്ക് ശേഷം ശരീരം വൃത്തിയാക്കിയ സ്ഥലവും ചെരിപ്പ് ഉപേക്ഷിച്ച സ്ഥലവും ചൂണ്ടിക്കാണിച്ചു. 50 മീറ്റര്‍ അകലെ കുറ്റിക്കാട് നിറഞ്ഞ പ്രദേശത്തേക്കും പ്രതിയെ എത്തിച്ചു. കൊലയ്ക്ക് ശേഷം പ്രതി ഭക്ഷണം കഴിച്ച ഹോട്ടലിലായിരുന്നു അടുത്ത തെളിവെടുപ്പ്. പിന്നീട് വൈദ്യശാലപ്പടിയില്‍ പ്രതി താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലെത്തി. പ്രതിയെ ജീപ്പില്‍ നിന്ന് ഇറക്കിയതോടെ നാട്ടുകാര്‍ ജീപ്പ് വളഞ്ഞു.ജനങ്ങളെ മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പെരുമ്പാവൂര്‍ - കുറുപ്പംപടി റൂട്ടില്‍ അല്‍പ്പനേരം ഗതാഗതവും തടസ്സപ്പെട്ടു. പ്രതിയേയും കൊണ്ട് ലോഡ്ജിനുള്ളില്‍ പോകുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതോടെ തിരികെ ജീപ്പിലേക്ക് കയറ്റി നേരെ ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ചാണ് ജിഷയുടെ അമ്മയും സഹോദരിയും  പ്രതിയെ കണ്ടത്. എന്നാല്‍ ഇയാളെ മുന്‍ പരിചയമില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. ഇനി രണ്ട് ദിവസം കൂടി മാത്രമേ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ.

click me!