
ഹരിപ്പാട്: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയിലധികം തട്ടിയെടുത്ത പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. രാമപുരത്ത് വാടകക്ക് താമസിച്ചുവരുന്ന കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29)തിരെയാണ് കേസെടുത്തത്. തമിഴ്‌നാട്ടില്‍ തടഞ്ഞുവെച്ചിരുന്നിടത്തു നിന്ന് പൊലീസ് മോചിപ്പിച്ച ഇയാളെ ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കേസെടുത്തത്. ഭാര്യ സ്മൃതി ഹേബിയസ് കോര്‍പസ് നല്‍കിയതിനാലാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. പ്രതി കനകക്കുന്ന് പൊലീസിന്റെ കസ്റ്റഡിയിലാണ്.
തിരുനല്‍വേലിയിലെ പനഗൂടി പുഷ്പവാനത്തുളള കൃഷി തോപ്പില്‍ നിന്ന് പവിശങ്കറിനെ വെളളിയാഴ്ച വൈകിട്ടാണ് മോചിപ്പിച്ചത്. തടഞ്ഞുവെച്ച പ്രതികളിലൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പനഗുടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജ്(33) ആണ് പിടിയിലായത്. ആന്റണി രാജ് തമിഴ്‌നാട്ടില്‍ പവിശങ്കറിന്റെ ഏജന്റായി പ്രവര്‍ത്തിച്ചയാളാണ്. ഇയാള്‍ വാങ്ങി നല്‍കിയ പണം തിരികെ നല്‍കാത്തതാണ് തടഞ്ഞുവെക്കാന്‍ കാരണമായത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ ആന്റണി രാജിനെ റിമാന്‍ഡുചെയ്തു.
തടഞ്ഞുവെച്ച സംഘത്തില്‍പ്പെട്ട മറ്റ് അഞ്ചുപേരെ കൂടി കേസില്‍ ഇനി പിടികൂടാനുണ്ട്. ഭര്‍ത്താവിനെ തടഞ്ഞുവെച്ചിരിക്കുന്നത് കാണിച്ച് ഭാര്യ സ്മൃതി ജൂണ്‍ 24ന് കേസ് നല്‍കിയിരുന്നു. 26ന് പരാതിയില്‍ കനകക്കുന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ എസ്ഐ ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘം അവിടെയെത്തി മോചിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ വിടുന്നതിനായി ആദ്യം 1.5 കോടി രൂപയാണ് തട്ടികൊണ്ടുപോയവര്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 50 ലക്ഷം തന്നാല്‍ മോചിപ്പിക്കാമെന്ന് അറിയിച്ചു. ഇതിനിടെയാണ് പൊലീസെത്തി രക്ഷപ്പെടുത്തിയത്.
ജോലിക്കായി നല്‍കിയ തുക തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പവിശങ്കര്‍ തമിഴ് നാട്ടിലേക്ക് മുങ്ങിയത്. തുടര്‍ന്ന് അവിടെ തന്നെയുളള കൂട്ടാളികള്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏഴുമാസം മുന്‍പാണ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടില്‍ നിന്നുമുളള നൂറോളം പേരില്‍ നിന്ന് തുക വാങ്ങിയത്. കേരളത്തില്‍ തട്ടിപ്പിനിരയായത് അലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുളളവരാണ്. കൊല്ലത്ത് ശാസ്താംകോട്ട, ചക്കുവളളി, ഭരണിക്കാവ് പ്രദേശങ്ങളിലുളളവരാണ് പണം നല്‍കിയവരിലധികവും. പണം കൊടുത്തവര്‍ കായംകുളം കനകക്കുന്ന് സ്റ്റേഷനുകളിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. ഏകദേശം 60ലക്ഷം രൂപയോളം കിട്ടാനുണ്ടെന്ന് കാണിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam