തിന്ന മീനിനോട് നന്ദി കാണിക്കണം; ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്നവരോട് ജോയ് മാത്യു

Published : Dec 17, 2017, 05:43 PM ISTUpdated : Oct 04, 2018, 11:58 PM IST
തിന്ന മീനിനോട് നന്ദി കാണിക്കണം; ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്നവരോട് ജോയ് മാത്യു

Synopsis

ഓഖി ദുരിതമനുഭവിക്കുന്നവരെ കാണാനെത്തുന്നവര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും സംഭാവന നല്‍കിയിട്ടില്ലെന്ന ആരോപണവുമായി നടന്‍ ജോയ് മാത്യു. ഓഖി ദുരന്തം നിരവധി ജീവന്‍ അപഹരിച്ചു എന്നാല്‍ അതിലും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരുടെ അഭിനയങ്ങളെന്നാണ് ജോയ് മാത്യു ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. 

' കെട്ടിപ്പിടിച്ചും മാറോട് ചേര്‍ത്തും കണ്ണീരൊപ്പിയും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അവരാരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ചില്ലിക്കാശ് പോലും സംഭാവന നല്‍കിയിട്ടില്ല; നല്‍കുമെന്ന് പറഞ്ഞിട്ടുമില്ല '; ജോയ് മാത്യു കുറിച്ചു. 

ഇത്തരത്തില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ വന്ന് പോകുന്നതിന് ചെലവാകുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്നതാണ് നല്ലത്. ഇനി പ്രധാനമന്ത്രിയുമെത്തുന്നുണ്ട് കണ്ണീരൊപ്പാന്‍. ഗവണ്‍മെന്റ് ജീവനക്കാര്‍ രണ്ട് ദിവസത്തെ വേതനം ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് നല്ലകാര്യം തന്നെയാണ്. എന്നാല്‍ അവര്‍ക്ക് മാതൃകയായി മുഖ്യമന്ത്രിയടക്കം ജനപ്രതിനിധികള്‍ ഒരു ദിവസത്തെ ശമ്പളമെങ്കിലും നല്‍കണമെന്നും ജോയ് മാത്യു പറഞ്ഞു.

തിന്ന മീനിനോട് നന്ദി കാണിക്കേണ്ടത് ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണെന്നും ജോയ് മാത്യു പരിഹസിച്ചു. ഇനി കമന്റ് ബോക്‌സില്‍ താന്‍ സംഭാവനകൊടുത്തോ എന്ന ചോദ്യവുമായെത്തുന്നവരോട് തന്റെ സംഭാവന നേരിട്ട് മുഖ്യമന്തിയുടെ ഫണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഓഖി ദുരന്തം നിരവധി ജീവൻ അപഹരിച്ചു എന്നാൽ അതിലും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ദുരിതത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കാനെത്തിയ രാഷ്ട്രീയക്കാരുടെ അഭിനയങ്ങൾ-
കെട്ടിപ്പിടിച്ചും മാറോട്‌ ചേർത്തും കണ്ണീരൊപ്പിയും അവർ
മാധ്യമങ്ങളിൽ നിറഞ്ഞു-
എന്നാൽ അവരാരെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ ഒരു ചില്ലിക്കാശ്‌ പോലും സംഭാവന നൽകിയിട്ടില്ല ;നൽകുമെന്ന് പറഞ്ഞിട്ടുമില്ല-
ഇവരൊക്കെ വന്നു പോകുന്ന തുക ഈ ഫണ്ടിലേക്ക്‌ നൽകിയാൽത്തന്നെ അതൊരു ആശ്വാസമായേനെ
ഇനി പ്രധാനമന്ത്രിയും വരുന്നുണ്ട്‌;കണ്ണീരൊപ്പാൻ!
ഇപ്പോഴിതാ ഗവർമ്മെന്റ്‌ ജീവനക്കാർ രണ്ടു ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു-
നല്ലകാര്യം തന്നെ പക്ഷെ അവർക്ക്‌ മാത്രുകയായി
മുഖ്യമന്ത്രിയടക്കം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നമ്മുടെ ജനപതിനിധികൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മൽസ്യത്തൊഴിലാളി ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകുവാൻ മനസ്സുകാണിക്കുകയാണൂ വേണ്ടത്‌-
"തിന്ന മീനിനോട്‌ നന്ദി കാണിക്കേണ്ടത്‌ ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണു സാർ?"
-----------------------------
കമന്റ്‌ ബോക്സിൽ
വരാനുള്ള ചോദ്യം : നിങ്ങൾ എന്ത്‌ സംഭാവന ചെയ്തു?
ഉത്തരം: എന്റെ സംഭാവന നേരിട്ട്‌ മുഖ്യമന്തിയുടെ ഫണ്ടിലേക്ക്‌ നൽകും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ