ഭൂമിയുടെ പട്ടയം റദ്ദാക്കിയ സംഭവം; അപ്പീലുമായി ജോയ്‌സ് ജോര്‍ജ് എംപി

By Web DeskFirst Published Dec 7, 2017, 3:30 PM IST
Highlights

ദേവികുളം: കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യൂവകുപ്പിന്‍റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കി ജോയ്സ് ജോര്‍ജ് എംപി. ഇടുക്കി കളക്ടര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടി നിയമപരമായും സാങ്കേതികമായും നിലനില്‍ക്കുന്നതല്ലെന്ന് ജോയ്‌സ് ജോര്‍ജ് അപ്പീലില്‍ പറയുന്നു. 1971 ന് മുമ്പ് ആര്‍ക്കും ഭൂമി പതിച്ച് നല്‍കിയിട്ടില്ലെന്ന വാദം തെറ്റാണെന്നും എംപി അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേവികുളം സബ്കളക്ടറാണ് പട്ടയം റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്. സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, നവംബറില്‍ ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പില്‍ ഭൂമിയുടെ രേഖകള്‍ ഹാജരാക്കിയിരുന്നു. 

ബ്ലോക്ക് നമ്പര്‍ 52-ല്‍ 120-ാം തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയിസ് ജോര്‍ജും 111-ാം നമ്പര്‍ തണ്ടപ്പേര്‍ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസ്. ജോയ്സ് ജോര്‍ജ്  എം.പി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ഇവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തുകയും ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു.

click me!