സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്ന് വിധികർത്താക്കൾ പിൻവാങ്ങി

By Web DeskFirst Published Jan 5, 2018, 9:24 AM IST
Highlights

തൃശൂര്‍: വിജിലൻസ് പരിശോധന ശക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ നിന്ന് പത്ത് വിധികർത്താക്കൾ പിൻമാറി. വിധികർത്താക്കൾ പിൻമാറിയാലും വിജിലൻസ് പരിശോധനകളിൽ വിട്ട് വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

കലോത്സവ മാന്വല്‍ പരിഷ്ക്കാരത്തിനൊപ്പം വിജിലന്‍സ് സംവിധാനവും കൂടുതല്‍ ശക്തമാക്കിയിരുന്നു. ജില്ലാ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായവര്‍ സംസ്ഥാന തലത്തിലേക്ക് എത്താന്‍പാടില്ല,  വിധികര്‍ത്താക്കളാകുന്നവരുടെ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറും, ഫോണ്‍വിളികളടക്കം നിരീക്ഷണത്തിന് വിധേയമാക്കും തുടങ്ങി കര്‍ശനമായ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദങ്ങള്‍ ഏറെ ഉയരുന്ന നൃത്ത ഇനങ്ങളില്‍ നിന്നാണ് ഇക്കുറി 10 വിധികര്‍ത്താക്കള്‍ പിന്മാറിയത്. അഴിമതിക്കും, അട്ടിമറിക്കുമെതിരെ പഴുതില്ലാത്ത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് വിധികര്‍ത്താക്കള്‍ പിന്മാറിയതെന്ന് ഡിപിഐ പറഞ്ഞു.

പിന്മാറ്റം പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. കണ്ണൂര്‍ കലോത്സവം മുതലാണ് വിജിലന്‍സ് സംവിധാനം ശക്തമാക്കിയതെങ്കിലും അട്ടിമറി നടന്നിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറും. ആറ്റിങ്ങല്‍ ഉപജില്ലാകലോത്സവത്തിലും ഇക്കുറി ക്രമക്കേടുകള്‍ നടന്നിരുന്നു.

click me!