
കല്‍ക്കത്ത: ഇന്ത്യയിൽ തടവുശിക്ഷയ്ക്ക് വിധേയനായ ആദ്യ ന്യായാധിപൻ ജസ്റ്റിസ് കർണൻ ഇന്ന് ജയിൽമോചിതനാകും. കൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ നിന്ന് ആറ് മാസത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് ജസ്റ്റിസ് കർണൻ പുറത്തിറങ്ങുന്നത്. ജുഡീഷ്യറിയിലെ അനുഭവങ്ങളെക്കുറിച്ച് ജയിലിലിരുന്ന് കർണനെഴുതിയ പുസ്തകം ഉടൻ പുറത്തിറങ്ങിയേക്കും. 41 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായപ്പോഴും പോരാട്ടം തുടരും എന്നുതന്നെയായിരുന്നു ജസ്റ്റിസ് കർണൻ പറഞ്ഞത്.
മെയ് ഒൻപതാം തീയതിയാണ് മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കർണനെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അദ്ധ്യക്ഷനായ ബെഞ്ച് ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. സഹജഡ്ജിമാർക്കെതിരെ ജുഡീഷ്യറിയുടെ പേര് കളങ്കപ്പെടുത്തുന്ന നിലയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനായിരുന്നു കർണന് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. സഹജഡ്ജിമാർക്കെതിരെ അന്വേഷണത്തിനുത്തരവിടുക വഴി വിചിത്രമായ വിധിപ്രസ്താവങ്ങൾ നടത്തിയ കർണന്‍റെ മാനസികനില ശരിയല്ലെന്നും ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിയ്ക്കണമെന്നുൾപ്പടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, കർണന്‍റെ പ്രസ്താവനകളൊന്നും പ്രസിദ്ധീകരിയ്ക്കരുതെന്ന് മാധ്യമങ്ങളോട് നിർദേശിയ്ക്കുകയും ചെയ്തു.
ഇന്ത്യൻ നീതിന്യായസംവിധാനത്തിൽത്തന്നെ പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിട്ട് ഒളിവിൽ പോയ ആദ്യ ജഡ്ജിയാണ് കർണൻ. ഒളിവിലിരിയ്ക്കുന്പോൾ വിരമിച്ച കർണന് പ്രത്യേകപരിഗണനകളൊന്നും ജയിലിലുണ്ടായിരുന്നില്ല. ജുഡീഷ്യറിയിലെ അനുഭവങ്ങളെക്കുറിച്ച് ജയിലിലിരുന്ന് പുസ്തകരചനയിലായിരുന്നു കർണൻ. പുറത്തുവരുന്ന കർണൻ മാധ്യമങ്ങളെ കണ്ടേയ്ക്കും. എന്നും വിവാദനായകനായിരുന്ന കർണന് പറയാനുള്ളതെന്തെന്ന് കാത്തിരിയ്ക്കുകയാണ് നിയമലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam