കനേഡിയൻ പ്രധാനമന്ത്രിക്ക് അവഗണന; കാരണം ഇതാണ്

By Web DeskFirst Published Feb 19, 2018, 11:39 PM IST
Highlights

ദില്ലി: ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി കനേഡിയൻ മാധ്യമങ്ങളിൽ വിമർശനം. പ്രത്യേക ഖാലിസ്ഥാനായി വാദിക്കുന്ന ഗ്രൂപ്പുകളോട് ട്രൂഡോ കാണിക്കുന്ന അടുപ്പമാണ് ഇതിന് കാരണമെന്ന മാധ്യമങ്ങളുടെ വിമർശനം വിദേശകാര്യമന്ത്രാലയം തള്ളി.

കാനഡയിലും പുറത്തും ഏറെ ജനകീയനായ യുവ നേതാവ് ജസ്റ്റിൻ ട്രൂഡോ ഏഴു ദിവസത്തെ സന്ദർശനത്തിനാണ് ഇന്ത്യയിലുള്ളത്. വിമാനത്താവളത്തിൽ കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് കൃഷി സഹ മന്ത്രി രാജേന്ദ്ര സിംഗ് ഷെഖാവത്ത്. അബുദാബി കിരീടവകാശി ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച പ്രധാനമന്ത്രി ഒരു സഹമന്ത്രിയെ ഇതിന് നിയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് കനേഡിയൻ മാധ്യമങ്ങളുടെ വിമർശനം. 

നരേന്ദ്ര മോദി ട്രൂഡയോടുള്ള അതൃപ്തിയാണ് പ്രകടിപ്പിക്കുന്നതെന്ന് കനേഡിയൻ വിദേശകാര്യ വിദഗ്ധരും പറയുന്നു. ഇന്നലെ താജ്മഹൽ സന്ദർശിച്ച ട്രൂഡോ ഇന്ന് അഹമ്മദാബാദിലെത്തി. സബർമതി ആശ്രമവും, അക്ഷർധാം ക്ഷേത്രവും സന്ദർശിച്ച ട്രൂഡോയ്ക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി സ്വന്തം നഗരത്തിലുമെത്തിയില്ല. ഷിൻസോ ആബെ, ബെഞ്ചമിൻ നെതന്യാഹു, ഷി ജിൻപിങ് എന്നീ നേതാക്കളോടൊപ്പം മോദി അഹമ്മദാബാദിലേക്ക് പോയിരുന്നു. 23ന് മോദി ട്രൂഡോയെ കാണുന്നുണ്ട്. 

എന്നാൽ മറ്റു നേതാക്കളെ പോലൊരു വരവേല്പ് ട്രൂഡോയ്ക്കു നല്കാത്തത് ഖാലിസ്ഥാൻ അനുകൂല നിലപാടു കാണമെന്നാണ് സൂചന. ഇന്ത്യ സന്ദർശിക്കുന്ന നേതാക്കളെയെല്ലാം പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി സ്വീകരിക്കേണ്ടതില്ലെന്നും മറ്റു നഗരങ്ങളിൽ അനുഗമിക്കാറില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. 

കാനഡയിൽ നിന്ന് ഖാലിസ്ഥാൻ സംഘടനകൾക്കു കിട്ടുന്ന സഹായത്തെക്കുറിച്ച് വിശദീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാണാൻ സമയം ചോദിച്ചെങ്കിലും കനേഡിയൻ സർക്കാർ ഇതു നല്കിയില്ല. 


 

click me!