ഒരിക്കലും ബി.ജെ.പിയിലേക്കില്ലെന്ന് കെ സുധാകരന്‍: എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തി

By Web DeskFirst Published Mar 10, 2018, 12:03 PM IST
Highlights

ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്‌ട്രീയ ധാര്‍മ്മികത കൊണ്ട് മാത്രം

കണ്ണൂര്‍: താന്‍ ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബി.ജെ.പിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്‌ട്രീയ ധാര്‍മ്മികത കൊണ്ട് മാത്രം. തന്റെ പ്രസ്താവന ദുരുപയോഗം ചെയ്താണ് മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയത്. എല്ലാം ജയരാജന്റെ മാനസിക വിഭ്രാന്തിയാണെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ ബി.ജെ.പിയില്‍ പോകുന്നുവെന്ന് പറഞ്ഞ് ആരെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് വിശദീകരണം. ബി.ജെ.പിക്കെതിരെയാണ് താന്‍ ഏറ്റവുമധികം സംസാരിക്കാറുള്ളത്. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയല്ലെങ്കില്‍ പിന്നെ ആരാണ് ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് പിണറായി പറയണം. ഏകാധിപത്യ ഭരണമാണ് മുന്നണിയിലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഫാസിസം. മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയത് സി.പി.എമ്മാണ്. കണ്ണൂരിലും വടകരയിലും മുസ്ലിം സമുദായത്തില്‍ പെടുന്നവരെ മാത്രം തെരഞ്ഞെപിടിച്ച് കൊല്ലുകയും മുസ്ലിം വീടുകള്‍ മാത്രം തെരഞ്ഞെടുത്ത് കൊള്ളയടിക്കുകയും ചെയ്തു. തലശ്ശേരി കലാപത്തിന് പിന്നിലും സിപിഎമ്മാണ്. കലാപം അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ കപട ന്യൂനപക്ഷ പ്രേമം വ്യക്തമാവും. ഗുജറാത്തില്‍ ബി.ജെ.പി മുസ്ലിങ്ങള്‍ക്കെതിരെ ചെയ്തത് ഇവിടെ സിപിഎം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

click me!