പിണറായിയേക്കാള്‍ മെച്ചം അച്യുതാനന്ദന്‍ തന്നെയെന്ന് കെ.സുരേന്ദ്രന്‍

By Pranav PrakashFirst Published Dec 4, 2017, 3:24 PM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പഴയ പാര്‍ട്ടി സെക്രട്ടറി പണി തന്നെയാണ് നല്ലതെന്നും പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.  

ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി പോലും നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് പലവട്ടം തെളിയിച്ച ആളാണ് പിണറായിയെന്നും ഭരണനിര്‍വഹണം കുട്ടിക്കളിയല്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് തന്റെ പോസ്റ്റില്‍ കുറിച്ചു. ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാന്‍ മുഖ്യമന്ത്രി അഞ്ച് ദിവസത്തോളം വൈകിയ നടപടിയേയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. 

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കള്‍ തെളിയിച്ചത്. ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. 

സത്യത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത്? തികച്ചും നിസ്സഹായമായ നിലയിലായി കേരളസര്‍ക്കാര്‍ പൂര്‍ണ്ണമായും. ഗുജറാത്ത് ഭൂകന്പം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാന്‍ താങ്കള്‍ തയാറാവണം. 

കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഒട്ടേറെ ആളുകളുടെ ജീവന്‍ രക്ഷിക്കാനായതും ഇത്രയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയതും. ദുരന്തബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാള്‍ എത്രയോ മിടുക്കന്‍ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നു.


 

click me!