രണ്ടാം ചരമവാർഷികത്തിലും ദുരൂഹത മാറാതെ കലാഭവന്‍ മണിയുടെ മരണം

By Web DeskFirst Published Mar 6, 2018, 6:55 AM IST
Highlights
  • സിബിഐ അന്വേഷണത്തിലും പുരോഗതിയില്ല
  • അന്വേഷണം ഉടൻ പൂ‍ർത്തിയാക്കുമെന്ന് സിബിഐ

തൃശൂര്‍: കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷികത്തിലും മരണത്തിലെ ദുരൂഹത അകലുന്നില്ല. ഒരു വർഷം മുമ്പ് തുടങ്ങിയ സിബിഐ അന്വേഷണത്തിലും പറയത്തക്ക പുരോഗതിയില്ലെന്നാണ് ബന്ധുക്കളുടെ  പരാതി. കലാഭവൻ മണി മരിച്ചതെങ്ങനെ?, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വർഷത്തിനിപ്പുറവും ഉത്തരമില്ല. 

ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി  യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവൻ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു. 

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ എന്നിവയും ശേഖരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ അന്വേഷണം എവിടെയെത്തിയെന്നറിയില്ല. കേസിന്റെ തുടക്കം മുതൽതന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവില്ലെന്നാണ് വിവരം. അന്വേഷണം ഉടൻ പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

click me!