കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ

By Web DeskFirst Published Nov 4, 2017, 6:16 PM IST
Highlights

മീററ്റ്: ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ള മറ്റുള്ളവരെയും വെടിവെച്ചുകൊല്ലണമെന്ന് അഖിലഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞ കമല്‍ ഹാസന്‍ ഈ വിശുദ്ധ ഭൂമിയില്‍ ജീവിക്കേണ്ടെന്ന് ഹിന്ദുമഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു.

കമല്‍ഹാസനെ പോലെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി തൂക്കികൊല്ലുകയോ വെടിവച്ചുകൊല്ലുകയോ വേണമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ഒരു ഹിന്ദുവായിട്ടും ഹിന്ദുക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ കമലിനെപ്പോലുള്ളവര്‍ക്ക് ഈ വിശുദ്ധ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും മരണമാണ് ഇതിനുള്ള മറുപടിയെന്നും അശോക് ശര്‍മ വ്യക്തമാക്കി.

അതേസമയം, ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുമഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലായിരുന്നു കമലിന്റെ അഭിപ്രായപ്രകടനം. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും കമല്‍ പറഞ്ഞിരുന്നു.

മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതിയിരുന്നു.  

അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കമല്‍ ഹാസനെതിരേ കേസെടുത്തിരുന്നു. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

click me!