സത്യം അസത്യമാകുന്ന ഫാസിസ്റ്റ് കാലമെന്ന് കമല്‍

By Web DeskFirst Published Feb 6, 2017, 9:57 AM IST
Highlights

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതി ചേര്‍ക്കപ്പെട്ടതില്‍ പ്രതിസ്ഥാനത്ത്  പൊലീസിനും ഭരണകൂടത്തിനുമൊപ്പം മാധ്യമങ്ങളെയും വിചാരണ ചെയ്യണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കാരായിമാര്‍ ഈ അവസ്ഥയില്‍ തുടരരുത്. ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കാരായിമാരെ മോചിതരാക്കണമെന്നാവശ്യപ്പെട്ട് കതിരൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പരാമര്‍ശം.

സത്യം അസത്യമാക്കുന്ന ഫാസിസ്റ്റ് കാലമാണിതെന്ന് പറഞ്ഞാണ് കാരായി രാജനും കാരായി ചന്ദ്രസേഖരനും പ്രതികളാക്കപ്പെട്ട ഫസല്‍ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യായവിചാര സദസ്സില്‍ കമലിന്റെ പരാമര്‍ശം. കാരായിമാരെ മദനിയോടുപമിച്ചാണ് നീതി ലഭ്യമാക്കുന്നതോടൊപ്പം മാധ്യമങ്ങളെയും വിചാരണ ചെയ്യണമെന്ന ആവശ്യം.

ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടേതിനും സമാനമായ ഭരണകൂട ഭീകരതയാണ് രാജ്യത്തെന്നും കമല്‍ പറഞ്ഞു. രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയേക്കാള്‍ സാര്‍വദേശീയ കാഴ്ച്ചപ്പാടുണ്ടായിരുന്ന ടാഗോര്‍ എഴുതിയ വരികളുപയോഗിച്ച് സംഘപരിവാര്‍ വിഭാഗീയത സൃഷ്ടിക്കുകയാണ്. എം.ടിക്കും തനിക്കുമെതിരെ ഉണ്ടായത് ആര്‍.എസ്.എസ് അജണ്ടയുടെ തുടര്‍ച്ചയാണെന്നും കമല്‍ പറഞ്ഞു.

അതേസമയം സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിച്ച് ചലച്ചിത്ര മേഖലയിലും എഴുത്തുകാരിലും ചിലര്‍ ഇത്തരം അതിക്രമങ്ങളോട് മൗനം പാലിച്ചത് ഞെട്ടിച്ചെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

click me!