നിരവ് മോദിക്ക് പിന്നാലെ മറ്റൊരു ജ്വല്ലറി ശൃംഖലകൂടി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി

By Web DeskFirst Published Mar 21, 2018, 3:29 PM IST
Highlights

ഇവര്‍  എടുത്ത വായ്പ 2017 ഡിസംബര്‍ വരെ, 824.15 കോടി രൂപയാണ്. പലിശയടക്കം ഇതിപ്പോള്‍ 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് നിഗമനം.

ചെന്നൈ: നിരവ് മോദി വായ്പാ തട്ടിപ്പിന് പിന്നാലെ മറ്റൊരു ബാങ്ക് വായ്പാ തട്ടിപ്പിന്റെ വാര്‍ത്ത കൂടി പുറത്തേക്ക്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന കനിഷ്ക് ജ്വല്ലറി ശൃംഖല വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കൂട്ടായ്മയാണ് സിബിഐയ്‌ക്ക് പരാതി നല്‍കിയത്. 2007 മുതല്‍ വിവിധ ബാങ്കുകളില്‍ നിന്നായി ഇവര്‍  എടുത്ത വായ്പ 2017 ഡിസംബര്‍ വരെ, 824.15 കോടി രൂപയാണ്. പലിശയടക്കം ഇതിപ്പോള്‍ 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് നിഗമനം.

തിരിച്ചടവ്  മുടങ്ങിയതോടെ ജ്വല്ലറി  ഉടമകളായ ഭൂപേഷ് കുമാര്‍ ജയിന്‍, ഭാര്യ നീത ജയിന്‍ എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാങ്കുകള്‍ക്ക് സാധിച്ചില്ല.  ഇവര്‍ മൗറീഷ്യസിലുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ജാമ്യമായി നല്‍കിയ വസ്തുക്കളുടെ തുക പരിശോധിച്ചപ്പോഴാണ് ഇവയ്‌ക്ക്, 159 കോടി രൂപയുടെ മതിപ്പേ ഉള്ളു എന്ന് മനസിലാക്കിയത്.

വ്യാജരേഖ ഉണ്ടാക്കിയാണോ വായ്പ സംഘടിപ്പിച്ചത് എന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍സോഷ്യം സിബിഐക്ക്  പരാതി നല്‍കിയത്. ബാങ്കുകളുടെ പരാതിയില്‍ സിബിഐ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

 

 

click me!