ചിറക് വിരിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; റഡാര്‍ പരിശോധനാ പറക്കല്‍ വിജയകരം

By Web DeskFirst Published Feb 18, 2018, 3:11 PM IST
Highlights

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പരിശോധിക്കാനുള്ള വിമാന പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച്‌ (ഡി.വി.ഒ.ആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെയുള്ള  പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ പരീക്ഷണ വിമാനം പറത്തിയത്.  ഇതോടെ സിഎന്‍എന്‍ എന്ന അയാട്ട കോഡുള്ള കണ്ണൂര്‍ വിമാനത്താവളം ലോക വ്യോമയാന ഭൂപടത്തില്‍ ഇടംപിടിച്ചു. 

ഒരു പൈലറ്റും മൂന്ന്‌ സാങ്കേതിക വിദഗ്‌ധരുമടങ്ങിയ സംഘമടങ്ങുന്ന എഎഐയുടെ ഡ്രോണിയര്‍ വിമാനമാണ് പരീക്ഷണ പറക്കല്‍ നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന്‌ മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്ന് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കി.

കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ കൊമേഷ്യല്‍ വിമാനങ്ങള്‍ക്ക്‌ കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേയ്‌ക്ക്‌ കൃത്യമായി പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമായി.

 112.6 മെഗാഹെട്‌സാണ്‌ കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന്‌ അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേയ്‌ക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിക്കും. റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്‌ അകത്തേക്കും പുറത്തേയ്‌ക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വരും. 
 

click me!