
കണ്ണൂർ: കോർപറേഷൻ കൗണ്‍സിൽ ഹാളിൽ വിറകുമായെത്തി നാട്ടുകാരുടെ പ്രതിഷേധം. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ വിറകില്ലെന്ന പരാതിയുമായി എത്തിയവരാണ് കൗണ്‍സിൽ യോഗം നടക്കവേ പ്രതിഷേധവുമായി എത്തിയത്. സമരം രാഷട്രീയ പ്രേരിതമാണെന്ന് മേയറും ഭരണപക്ഷ കൗണ്‍സിലർമാരും ആരോപിച്ചു.
പയ്യാന്പലം ശ്മശ്നാത്തിൽ ആവശ്യത്തിന് വിറകില്ലാഞ്ഞതിനാൽ മൃതദേഹം സംസ്കരിക്കാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നുവെന്നാരോപിച്ചാണ് ഒരു കൂട്ടം നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. കോർപറേഷൻ കൗണ്‍സിൽ യോഗം നടക്കുന്ന ഹാളിലേക്ക് വിറകുമായി ഇവർ കയറുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരും ഇടതുപക്ഷ കൗണ്‍സിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായി, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് സമരം നടത്തുന്നത് എന്നായിരുന്നു ഇടതുപക്ഷ അംഗങ്ങൾ ആരോപിച്ചത്.
വാക്കേറ്റം കയ്യേറ്റത്തിലെത്തിയതോടെ പൊലീസെത്തി. തുടർന്ന് കൂടുതൽ പ്രതികരിക്കാതെ പ്രതിഷേധക്കാർ മടങ്ങി. എന്നാൽ യോഗം വീണ്ടും തുടങ്ങിയപ്പോൾ സമരം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് മേയർ ആരോപിച്ചത് വലത്, ഇടത് കൗണ്‍സിലർമാർ തമ്മിലുള്ള തർക്കത്തിലേക്കെത്തിച്ചു. പയ്യാന്പലം ശ്മശാനത്തിൽ മഴക്കാലത്ത് വിറക് ലഭ്യമല്ലാത്തത് മുമ്പും പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വിറക് സൂക്ഷിക്കാൻ കൃത്യമായ സംവിധാനങ്ങളേർപ്പെടുത്താത്തതാണ് പ്രധാന കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam