
കണ്ണൂര്‍: കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ചട്ടങ്ങൾ മറികടന്ന് കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ 100 കോടി വായ്പ്പ നൽകിയത് ഇടത് യൂണിയനിലടക്കമുള്ള ജീവനക്കാരെയടക്കം വെല്ലുവിളിച്ചും പ്രതികാര നടപടിയെടുക്കുമെന്ന് ഭയപ്പെടുത്തിയും. ആറ്റിങ്ങൽ, തലശേരി ഡിപ്പോകൾ ഈടായി നൽകാമെന്ന വാക്കൊഴികെ പ്രാഥമിക നടപടിക്രമം പോലും പാലിക്കാതെയാണ് വായ്പ്പാതുക മുഴുവനും നൽകിയിരിക്കുന്നത്.
ഇതിൽ ആറ്റിങ്ങൽ ഡിപ്പോയാകട്ടെ റിസർവ്വ് ബാങ്ക് ചട്ടപ്രപകാരം ഈടായി സ്വീകരിക്കാനുമാകില്ല. കിട്ടാക്കടം പെരുകി ബാങ്കിന്റെ തകർച്ച മുന്നിൽക്കണ്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജീവനക്കാർ. വായ്പ്പ നൽകാനാകില്ലെന്ന് പത്തനംതിട്ട ജില്ലാ ബാങ്ക് പറഞ്ഞതോടെ, വായ്പ്പാ അപേക്ഷ നേരെ കണ്ണൂർ ജീല്ലാ ബാങ്കിലെത്തുന്നത് പന്ത്രണ്ടാം തിയതി. മണിക്കൂറുകൾക്കം 100 കോടി രൂപ വായ്പ്പ വെകുന്നേരത്തോടെ പാസായി. തൊട്ടടുത്ത ദിവസം ഈടായി നൽകുമെന്നേറ്റ വസ്തുക്കൾ പരിശോധിക്കുകയോ നിയമോപദേശം തേടുകയോ പോലും ചെയ്യാതെ 100 കോടിയും ആർ.ടി.ജി.എസ് സംവിധാനം വഴി കൈമാറ്റവും നടന്നു.
ഏവരെയും അമ്പരിപ്പിച്ചും ബാങ്കിങ്ങിന്റെ പ്രാഥമിക ചട്ടങ്ങൾ പോലും കാറ്റിൽപ്പറത്തിയും നടന്ന നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്നവർ അനുഭവിക്കുമെന്ന് അസിസറ്റന്റ് രജ്സട്രാർ ഭീഷണിപ്പെടുത്തിയതായാണ് ജിവനക്കാർ നൽകുന്ന വിവരം. ഭൂരിപക്ഷമുള്ള ഇടത് ജീവനക്കാർ എതിർത്തപ്പോൾ ഫയൽ നീക്കിയത് കോൺഗ്രസ് യൂണിയനിലുള്ള ജനറൽ മാനേജർ വഴി. വായ്പ്പയുടെ മേൽ ഭാവിയിലുണ്ടാകുന്ന നിയമക്കുരുക്കുകൾ ചൂണ്ടിക്കാട്ടിയ അഡ്മിനിസ്ട്രേറ്ററുടെ പേഴ്സണൽ അസിറ്റന്റിനെ സ്ഥലം മാറ്റാനുള്ള നീക്കമുണ്ടായെങ്കിലും നടപ്പായിട്ടില്ല.
മാത്രവുമല്ല, വായ്പ്പയുടെ 200ശതമാനം വിപണി മൂല്യമുള്ള വസ്തു ഈടായി വേണമെന്നിരിക്കെ ഈടുവെച്ചിരിക്കുന്ന ഡിപ്പോകൾ പര്യാപ്തവുമല്ല, ആറ്റിങ്ങൽ ഡിപ്പോ ഈടായി സ്വീകരിക്കാനുമാകില്ല. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് പ്രതിദിനം ഏഴ് ലക്ഷം രൂപ വെച്ച് തിരിച്ചടക്കാമെന്നാണ് ധാരണയെങ്കിലും ഇതു ഏതുവരെനടക്കുമെന്ന് കെ.എസ്.ആർ.ടി.സിക്കോ ബാങ്കധികൃതർക്കോ പോലും ഉറപ്പുമില്ല.
12 ശതമാനം പലിശയ്ക്ക് നൽകിയ വായ്പ്പ കിട്ടാക്കടമായാൽ റിസർവ്വ് ബാങ്കിന്‍റെയും നബാർഡിന്‍റെയും കണ്ണിൽ ക്ണൂർ ജില്ലാ ബാങ്കിന്റെ മൂല്യമിടിയും. നിലവിൽ കിട്ടാക്കടം ഏറ്റവും കുറവുള്ള സഹകരണ ബാങ്കാണിത്. കഴിഞ്ഞ ഏപ്രിലിൽ യു.ഡി.എഫ് ഭരണസമിതിയെ പിരിച്ചുവിട്ടതിനാൽ, അഡ്മിനിസ്ട്രേറ്റർ വഴിയാണ് ഈ നീക്കങ്ങളെല്ലാം നടന്നത്.
ചെറിയതുകയുടെ വായ്പ്പക്കായി പോലും സാധാരണക്കാരൻ മാസങ്ങൾ അലയുമ്പോഴാണ്, എല്ലാചട്ടങ്ങളെയും നോക്കുകുത്തിയാക്കി ഒരു ബാങ്കിന് മേൽ രാഷ്ട്രീയ ഉരുക്കുമുഷ്ടി പ്രയോഗിച്ചിരിക്കുന്നത്. പ്രതിധ്വനികൾ ഇവടെ അവസാനിക്കില്ലെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam