കരിപ്പൂര്‍ വിമാനത്താവളം;  ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്തംഭനാവസ്ഥയില്‍

By web deskFirst Published Jan 30, 2018, 7:52 AM IST
Highlights

മലപ്പുറം:  കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്തംഭനാവസ്ഥയില്‍. വിമാനത്താവള അഥോറിറ്റിയുടെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെയും അന്തിമ ഉത്തരവ് കിട്ടാതെ ഭൂമി ഏറ്റെടുക്കാന്‍ ആകില്ലെന്ന നിലപാടിലാണ് മലപ്പുറം ജില്ലാ ഭരണകൂടം. വിമാനത്താവള വികസനത്തിനായി 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ മെയ് 26 തന്നെ ജില്ലാ ഭരണകൂടത്തിന് കിട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഇത് പിന്നീട് മരവിപ്പിക്കുകയായിരുന്നു.

അധിക ഭൂമി ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി റണ്‍വേ വികസനത്തിന് 249 ഏക്കര്‍ മാത്രം മതിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ആദ്യ ഉത്തരവ് തന്നെ നടപ്പാക്കണോ അതോ പുതിയ നിര്‍ദ്ദേശം അഗീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍  ഇതു വരെ തീരുമാനം എടുക്കാത്തതാണ് ഭൂമി ഏറ്റെടുക്കുന്നതിന് വിലങ്ങ് തടിയാകുന്നത്. 

കഴിഞ്ഞ ദിവസം ചേര്‍ന്ന വിമനത്താവള ഉപദേശക സമിതി യോഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വിഷയം ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഭൂമി ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിമാനത്താവള ഡയറക്ടറും നിലപാട് എടുത്തിരുന്നു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ തീരുമാനമില്ലാതെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാനാവില്ലെന്ന
ജില്ലാ ഭരണകൂടത്തിന്റ നിലപാടോടെ വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാവുകയാണ്.
 

click me!