
കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടന്ന കണ്ണൂർ കരിവെള്ളൂർ സഹകരണ സൊസൈറ്റിയിൽ നിന്ന് ആഭരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിമൂന്നരക്കിലോ മുക്കുപണ്ടമാണ് കണ്ടെടുത്തത്. ഇടപാടുകാർ പണയം വെച്ച യതാർത്ഥ സ്വർണാഭരണങ്ങൾ ഇവിടെ നിന്ന് മാറ്റിയിട്ടുമുണ്ട്.
വളകൾ, മാലകൾ, തുടങ്ങി സ്വർണ്ണമെന്ന പേരിൽ ഈടുവെച്ചിരിക്കുന്ന പതിമൂന്നരക്കിലോ വരുന്ന ആഭരണങ്ങളെല്ലാം മുക്കുപണ്ടങ്ങൾ. 90 ശതമാനം വായ്പ്പ ഇടപാടുകളും ഇങ്ങനെ. ബാക്കി പത്ത് ശതമാനം വരുന്ന യഥാർത്ഥ സ്വർണ്ണാഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല. 16 ആളുകളുടെ പേരിൽ 98 പണയ ഇടപാടുകൾ ആണ് നടന്നിരിക്കുന്നത് എന്ന് പൊലീസ് പറയുന്നു. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യഥാർത്ഥ സ്വർണം വെച്ച് വായ്പ്പയെടുത്ത് അടച്ച് തീർത്തവരുടെ പേരിൽത്തന്നെ വീണ്ടും വായ്പ്പ രേഖയുണ്ടാക്കി പണമെടുത്തു. ഇതും മുക്കുപണ്ടം വെച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 3 കോടിയിലധികമാണ് ഇങ്ങനെ നടന്ന തട്ടിപ്പിന്റെ വ്യാപ്തി.
സൊസൈറ്റി സെക്രട്ടറി പ്രദീപനടക്കമുള്ളവർ ഒളിവിലാണ്. ഇയാളടക്കം 3 പേരാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 3 കോടിക്ക് മുകളിൽ വരുന്ന സാമ്പത്തിക കുറ്റകൃത്യമായതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഏതായാലും പണം കൈക്കലാക്കിയവരടക്കം, ആസൂത്രിതമായി നടന്ന തട്ടിപ്പിൽ ഉൾപ്പെട്ടവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ലെന്ന് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam