
ബംഗളുരു: കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ഭരണത്തില്‍ തുടരാന്‍ കഴിയുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ നേതാക്കളെ കൂട്ടത്തോടെയിറക്കി അവസാന ദിനം പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ ഒന്നുമില്ലാതിരുന്ന വീറും വാശിയുമാണ് കഴിഞ്ഞ ഒരുമാസക്കാലം കര്‍ണാടകം കണ്ടത്. നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലും മോദിക്ക് കുറിക്കുകൊള്ളുന്ന മറുപടി കൊടുത്തും ഭരണനേട്ടങ്ങളെണ്ണിപ്പറഞ്ഞു സിദ്ധരാമയ്യയും. അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് അമിത് ഷാ. കിങ് മേക്കറല്ല, കിങ്ങാകുമെന്ന് ആവര്‍ത്തിച്ച് കുമാരസ്വാമി. ആവേശമേറ്റിയത് നേതാക്കളാണ്. യെദ്യൂരപ്പയല്ല മോദിയാണ് ബിജെപിയെ നയിച്ചത്. അവസാന ദിവസം സംസ്ഥാനത്തില്ലെങ്കിലും നമോ ആപ്പിലൂടെ മോദി പ്രവര്‍ത്തകരുമായി സംവദിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പടലപ്പിണക്കമെന്ന ബി.ജെ.പി ആരോപണം തളളാന്‍ സിദ്ധരാമയ്യ,പ രമേശ്വര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടു. തന്റെ പ്രധാനമന്ത്രി പദവിയില്ല, കര്‍ണാടകത്തിന്റെ ഭാവിയാണ് തെരഞ്ഞെടുപ്പ് വിഷയമെന്ന് രാഹുല്‍ പറഞ്ഞു.
മൂന്ന് മുഖ്യമന്ത്രിമാരും 19 കേന്ദ്രമന്ത്രിമാരും ഇന്ന് ബി.ജെ.പിയുടെ റോഡ് ഷോകള്‍ നയിക്കുന്നുണ്ട്. ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിലാണ് ഭൂരിഭാഗവും. സിദ്ധരാമയ്യയുടെ മണ്ഡലമായ ബാദാമിയിലായിരുന്നു അമിത് ഷായുടെ റോഡ് ഷോ. കനത്ത സുരക്ഷിയാണ് സംസ്ഥാനം. ഒന്നര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസാന ദിനം പണമൊഴുകാന്‍ സാധ്യതയുളളതിനാല്‍ നീരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam