നിലമ്പൂര്‍-ന‍ഞ്ചന്‍കോട് റെയില്‍പാതയ്‌ക്കെതിരെ എതിര്‍പ്പുമായി കര്‍ണാടക

By Web DeskFirst Published Jul 21, 2016, 5:08 AM IST
Highlights

ബംഗളൂരു: നിലമ്പൂര്‍ ന‍ഞ്ചന്‍കോട് റെയില്‍പാതയ്‌ക്കെതിരെ എതിര്‍പ്പുമായി കര്‍ണാടക വനംവകുപ്പ്.ബന്ദിപ്പൂര്‍ വനമേഖലയിലൂടെ പോകുന്ന തീവണ്ടിപാത കടുവസങ്കേതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.പരിസ്ഥിതിലോല പ്രദേശമായ ബന്ദിപ്പൂരിലെ നി‍ര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കര്‍ണാടക വനം മന്ത്രി രാമനാഥ റായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബന്ദിപ്പൂ‍ര്‍ ദേശീയോദ്യാനമാണ്. അവിടെയുള്ള പ്രവര്‍‍ത്തനങ്ങള്‍ നമ്മള്‍ക്ക് സ്വാഭാവികമായും പ്രശ്നമുണ്ടാകും. സര്‍വ്വേയെന്നാല്‍ രണ്ട് സംസ്ഥാനങ്ങളുടേയും അഭിപ്രായം പരിഗണിക്കേണ്ടതല്ലേ?-രാമനാഥ റായി ചോദിച്ചു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ സര്‍വ്വേക്കായി ഡിഎംആര്‍സിയെ കേരള സര്‍ക്കാര്‍ സമീപിച്ചതിന് പിന്നാലെയാണ് പദ്ധതിയെ എതിര്‍ത്ത് കര്‍ണാടക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് റിപ്പോര്‍‍ട്ട് സമര്‍‍പ്പിച്ചിരിക്കുന്നത്.

പദ്ധതി നടപ്പിലായാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ പത്ത് കിലോമീറ്ററോളം വരുന്ന കടുവസങ്കേതം നശിക്കുമെന്നാണ് വനം വകുപ്പിന്റെ വാദം.വന്യജീവികളുടെ സ്വൈര്യവിഹാരത്തെ ബാധിക്കുന്ന പ്രവ‍ര്‍ത്തനങ്ങളൊന്നും വനത്തില്‍ അനുവദിക്കിനാകില്ലെന്നും വനം വകുപ്പ് പറയുന്നു.ബന്ദിപ്പൂര്‍ വനത്തിലൂടെ തീവണ്ടിപ്പാത അനുവദിച്ചാല്‍ വരും കാലങ്ങളില്‍ മറ്റു പദ്ധതികള്‍ക്കായി വനഭൂമി വിട്ടു നല്‍കേണ്ടി വരുമെന്ന വാദവുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും രംഗത്തുണ്ട്.പദ്ധതിക്കായി ആരും കര്‍ണാടകത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമനാഥ റായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയനാട് മൈസൂര്‍ ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സമവായത്തിലെത്തിയിട്ടില്ലെന്നും രാമനാഥ റായി വ്യക്തമാക്കി.

 

click me!