മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി പൊലീസിന് നല്‍കേണ്ടത് ഇത്രയുമാണ്

By Web DeskFirst Published Aug 2, 2017, 10:47 AM IST
Highlights

ബംഗളുരു: ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവനുവദിച്ചെങ്കിലും സുരക്ഷാ ചെലവിനത്തില്‍ 15 ലക്ഷത്തോളം രൂപ നല്‍കിയാലേ അബ്ദുല്‍ നാസര്‍ മദനിക്ക് കേരളത്തിലെത്താന്‍ കഴിയൂ. ന്യായമായ തുക മാത്രമേ മദനിയില്‍ നിന്ന് ഈടാക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഭീമമായ തുകയാണ് കര്‍ണ്ണാകട പൊലീസ് ആവശ്യപ്പെട്ടത്.

സുരക്ഷക്ക് കര്‍ണ്ണാടക പൊലീസ് ആവശ്യപ്പെട്ട് ചിലവിന്റെ കണക്ക് ഇങ്ങനെയാണ്. ആകെ യാത്ര 3000 കിലോമീറ്റര്‍. ഇതിന് 10 രൂപ നിരക്കില്‍ 30,000 രൂപ വണ്ടിക്കൂലി. ഒരു എ.സി.പിക്ക് എട്ട് മണിക്കൂറിന് 2824 രൂപ. ഇയാള്‍ക്ക് 24 മണിക്കൂര്‍ സേവനത്തിന് 8472 രൂപ നല്‍കണം. 13 ദിവസത്തേക്ക് രണ്ട് എ.സി.പിമാര്‍ക്ക് 22,02,72 രൂപ. 18 ശതമാനം ജി.എസ്.ടി കൂടി കണക്കാക്കുമ്പോള്‍ ഈ രണ്ട് എ.സി.പിമാര്‍ക്കും മാത്രമായി 2,59,920.96 രൂപ മദനി നല്‍കണം. സംഘത്തിലെ ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് 17 പൊലീസുകാര്‍ക്കും ഇതേ കണക്കില്‍ പണം നല്‍കണം. എല്ലാം കൂടി കണക്കാക്കുമ്പോള്‍ പൊലീസുകാര്‍ക്ക് മാത്രം 12,24,132 രൂപ. ഇതിന് 18 ശതമാനം നിരക്കില്‍ ജി.എസ്.ടിയുമുണ്ട്. 2,20,343 രൂപയാണ് പൊലീസുകാര്‍ക്കായി ജി.എസ്.ടി നല്‍കേണ്ടത്. വണ്ടി വാടക കൂടി കൂട്ടുമ്പോള്‍ ആകെ തുക 12,24,132 രൂപയും ജി.എസ്.ടി 2,25,743 രൂപയുമാകും. കേരളത്തിലെത്താനുള്ള ആകെ ചിലവ് 14,79,875 രൂപയാണ്.

വിതാരണ തടവുകാരനായ പ്രതിയുടെ സുരക്ഷാ ചുമതല സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണോ പ്രതിയുടെ ഉത്തരവാദിത്തമാണോ എന്ന മദനിയുടെ അഭിഭാഷകന്റെ ചോദ്യത്തിന് കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ഉത്തരമുണ്ടായില്ല. ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണെന്നായിരുന്നും ജഡ്ജിയുടെ മറുപടി. ഭീമമായ ഈ തുക നല്‍കി മദനി കേരളത്തിലെത്തിയാല്‍ സ്വന്തം മകന്റെ കല്യാണത്തിന് ജി.എസ്.ടി നല്‍കി പങ്കെടുക്കുന്ന ആദ്യ നേതാവെന്ന റെക്കോര്‍ഡ് കൂടി മദനിക്ക് സ്വന്തമാകുമെന്ന് മാധ്യമപ്രവര്‍ത്തകനായ ബി ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'മദനിയോടുള്ള ഈ നിലപാട് തന്നെ ആണ് മറ്റ് എല്ലാ തടവുകാരോടും കാണിക്കുന്നത് എങ്കിൽ, രാജ്യത്തെ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനത്തിനെ കാളും പത്ത് ഇരട്ടി ലാഭം പ്രതിവർഷം കർണാടക പോലീസ് ഉണ്ടാക്കും. ഉദാഹരണത്തിന് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല എങ്ങാനും രണ്ട് ആഴ്ചത്തെ പരോളിൽ ഇറങ്ങി തമിഴ് നാട്ടിൽ പോകുക ആണെങ്കിൽ, കർണാടക പോലീസ് കോടികൾ സമ്പാദിക്കും.'- ബി ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്.
 

click me!