കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

By Web DeskFirst Published Mar 6, 2018, 6:52 PM IST
Highlights
  • കാർത്തി ചിദംബരത്തിനെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു
  • പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേര്‍ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം ഇതുവരെ തയ്യാറായിട്ടില്ല

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിനെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേര്‍ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം ഇതുവരെ തയ്യാറായിട്ടില്ല.

ഡല്‍ഹി പാട്യാല കോടതിയുടേതാണ് ഉത്തരവ്. കാര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് ഒമ്പതിന് കോടതി വാദം കേള്‍ക്കും. ഒമ്പത് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്.  പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേര്‍ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം ഇതുവരെ തയ്യാറായിട്ടില്ല. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് താന്‍ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാണെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും സിബിഐ ആരോപിക്കുന്നു. 

ഐ.എന്‍.എക്‌സ്. മീഡിയ നിക്ഷേപ കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സിബിഐ ഇതിനകം അഞ്ചു ദിവസത്തോളം ചോദ്യം ചെയ്തു. പത്തു വര്‍ഷം പഴക്കമുള്ള കേസാണിത്. ഉദ്യോഗസ്ഥരുടെ പക്കലുള്ള ഫയലുകളിലൊന്നും മാറ്റം വരുത്താന്‍ തനിക്ക് സാധിക്കില്ല. പിന്നെ എന്തിനാണ് കസ്റ്റഡിയില്‍ വെക്കുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ ചോദ്യം ചെയ്യാമെന്നും കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ജാമ്യാപേക്ഷ നല്‍കികൊണ്ട് ഇന്ന് കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ സിബിഐ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതായി സിബിഐ കോടതിയില്‍ ആരോപിച്ചു. ഇതു ഗുരതരമായ കുറ്റകൃത്യമാണ്. ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

click me!