
കാസര്‍ഗോഡ്: സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ കാസര്‍ഗോഡ് മഴക്കാലം കഴിഞ്ഞാല്‍ ഉത്സവങ്ങളുടെ കാലമാണ്. അമ്പലങ്ങളിലും മുസ്ലീം പള്ളികളിലും ആഘോഷങ്ങള്‍ ആരംഭിക്കും. ദേശത്തിന്റെ നാനാഭാഗത്തും നിന്നും എത്തുന്ന ആയിരങ്ങളെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ നിരവധി പരിപാടികളും ഉത്സവപറമ്പുകളില്‍ ഉണ്ടായിരിക്കും. ഇതില്‍ ഏറ്റവും ആകര്‍ഷകമാണ് കോഴി ലേലം.
ആഘോഷങ്ങള്‍ക്കിടെ മൈക്കിലൂടെ ഗോപാലേട്ടന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കും... ആര്‍ക്കും വരാം... കടന്നുവരാം... പൂവുള്ള കോഴി വാലന്‍ കോഴി.... കടന്നു വരൂ... നൂറ് നൂറ്... ഇരുനൂറ്.. ഇറുനൂറ്... ഒടുവില്‍ ഗോപാലേട്ടന്‍ ലേലം കൊണ്ടയാള്‍ക്ക് കോഴിയേ കൈമാറുമ്പോള്‍ കോഴി വില ആയിരം കടന്നുകാണും. ഉത്സവാഘോഷങ്ങള്‍ പോലെത്തന്നെ നാട്ടിന്‍പുറങ്ങളിലെ കവലകളിലും ലേലം വിളിക്കുന്ന കാഴ്ച ഹരം പകരുന്നതാണ്. ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷ പരിപാടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരും യുവാക്കളും കൂടി കാഴ്ചയും കാണിക്കയും വെച്ച ലേലം വിളികളുടെ പുറകേപോകും.
കോഴി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം മത്സരിക്കുമ്പോള്‍ അത് ആരാധനാലയങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തികം ചെറുതല്ല. ഒരു ചെറിയ കോഴിക്ക് 500 രൂപ മുതല്‍ 2500 രൂപ വരെ ലേലത്തില്‍ വിളിവരും. കാസര്‍കോടിന്റെ വടക്കേഅറ്റത്ത് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന കോഴിയങ്കം ചൂതാട്ടമാണെങ്കില്‍ ആരാധനാലയങ്ങളിലെ കോഴി ലേലത്തിലെ കോഴികളെ വളര്‍ത്താനും ഭക്ഷണമാക്കാനുമാണ് ഉപയോഗിക്കുന്നത്. നല്ല നാടന്‍ കോഴിക്കറികള്‍ ഒരുക്കാന്‍ വേണ്ടി ക്ഷേത്രത്തിലെയും പള്ളികളിലെയും ആരാധനാ മൂര്‍ത്തികള്‍ക്ക് കാണിക്കയാവുന്ന കോഴികള്‍ക്ക് ആവശ്യക്കാരേറെ.
ക്ഷേത്രങ്ങളിലാണ് അധികവും കോഴി ലേലം നടക്കുന്നത്. 100 മുതല്‍ 250 കോഴികള്‍ വരെ ഉത്സവം കഴിഞ്ഞാല്‍ ലേലത്തിനെത്തുന്നു. ഇതില്‍ നിന്നും ഒരുലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ ക്ഷേത്രങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നു. പത്തുരൂപ തൊട്ട് ലേലം വിളിതുടങ്ങുന്ന കോഴിക്ക് ലേലമവസാനിക്കുമ്പോഴേക്കും ആയിരം രൂപവരെ വിലയെത്തും. മൂന്നു തവണ ബാര്‍ വിളിച്ചാണ് ലേലം ഉറപ്പിക്കുന്നത്.
ലേലത്തിനെത്തുന്ന കോഴികളില്‍ ആളുകളുടെ ശ്രദ്ധ പിടിക്കാന്‍ ലേലക്കാരന്‍ പലതും വിളിച്ചുപറയും. കോഴികളുടെ സ്വഭാവം മുതല്‍ പീലിയഴക് വരെ മൈക്കില്‍ വിളിച്ചു പറയുന്ന ലേലക്കാരന് ചുറ്റം ആളുകള്‍ വട്ടംകൂടും. ബാര്‍ പറഞ്ഞ് ഉറപ്പിക്കുന്ന സമയത്ത് വിലയില്‍ കേറ്റി വെപ്പുമായി ഒരുകൂട്ടര്‍ ലേലകാരന് ചുറ്റുമുണ്ടാകും. കാസര്‍കോട് ചീര്‍ക്കയം സുബ്രമണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കോഴി ലേലം വിളികളിലൂടെ ഗോപാലകൃഷ്ണേട്ടന്‍ നാട്ടിലെ താരമാണ്. കോഴിയും മൈക്കും കൈയില്‍ കിട്ടിയാല്‍ ഗോപാലകൃഷ്ണേട്ടന്‍ ക്ഷേത്രത്തിനു നല്‍കുന്നത് ആയിരങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam