
കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികൾ ഏറണാകുളം സിബിഐ കോടതിയിൽ ഹാജരായി. വിചാരണ നടപടിയുടെ ഭാഗമായാണ് പ്രതികൾ ഹാജരായത്. കേസിൽ 25ആം പ്രതിയാണ് പി ജയരാജൻ.
കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നതാണ് ജയരാജനെതിരായ കുറ്റപത്രം. മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. 2014 സെപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2014 സെപ്തംബര്‍ 28ന് സിബിഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
പി.ജയരാജനെ പതിനഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ 2016 ഫെബ്രുവരി 11ന് തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നും മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam