അവര്‍ ചിന്തിക്കുന്നത് ലിംഗം കൊണ്ട് തന്നെയാണ്-ദുര്‍ഗ മാലതി പറയുന്നു

നിര്‍മ്മല ബാബു |  
Published : Apr 20, 2018, 04:32 PM ISTUpdated : Jun 08, 2018, 05:44 PM IST
അവര്‍ ചിന്തിക്കുന്നത് ലിംഗം കൊണ്ട് തന്നെയാണ്-ദുര്‍ഗ മാലതി പറയുന്നു

Synopsis

കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ചിത്രംവരച്ച് പ്രതികരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും ഒടുവില്‍ വീട് ആക്രമണവുംവരെ നേരിട്ട ചിത്രകാരിയായ ദുര്‍ഗ മാലതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ലാത്സംഗം ചെയ്യുന്നവരും കുറ്റകൃത്യത്തിന് പിന്തുണ നല്‍കുന്നവരും തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവരല്ല. അവര്‍ ചിന്തിക്കുന്നത് ലിംഗം കൊണ്ട് തന്നെയാണെന്നാണ് കുട്ടിയെ ലിംഗത്തില്‍ കെട്ടിയിട്ട പോലുള്ള ഒരു ചിത്രം കൊണ്ട് ഞാനുദ്ദേശിച്ചത്. കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ചിത്രംവരച്ച് പ്രതികരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങളും ഭീഷണികളും ഒടുവില്‍ വീട് ആക്രമണവുംവരെ നേരിട്ട ചിത്രകാരിയായ ദുര്‍ഗ മാലതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ഭീഷണികളെ നേരിടും

ഞാനൊരു സ്ത്രീ ആയതുകൊണ്ടാണ് ഇവര്‍ എനിക്കെതിരെ ഭീഷണിയും അതിക്രമവും തുടരുന്നത്. ഇതിനെയെല്ലാം നേരിടുക തന്നെ ചെയ്യും. ആരെയും എന്തും പറയാം എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്താണ് ഞാന്‍ ചെയ്ത തെറ്റ്?..

എനിക്കും എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അര്‍ഹിക്കുന്നതാണ് എന്ന നിലപാടാണ് പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്. എന്താണു ഞാന്‍ ചെയ്ത തെറ്റ്? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു. അത് ഒരു മതത്തിനുമെതിരയല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി. ഒരു ജനാധിപത്യ രാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും.

അതിനവര്‍ ആയുധമായി ഉപയോഗിച്ചത് പുരുഷ ലിംഗങ്ങളാണ്...

ഒരു മതത്തെയോ വിശ്വാസത്തെയും വ്രണപ്പെടുത്തിയിട്ടില്ല. ഹിന്ദു മതത്തെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്നാരോപിച്ച് എത്തുന്നവരുടെ ലക്ഷ്യം വര്‍ഗീയത ഉണ്ടാക്കുക എന്നത് മാത്രമാണ്. ഒരു പിഞ്ചുകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു എന്നത് ഏറെ വേദനാജനകമാണ്. ഇത് വെറുമൊരു ബലാത്സംഗമല്ല എന്ന പൂര്‍ണ ബോധ്യമുള്ളതു കൊണ്ടാണ് ഈ വിഷയത്തില്‍ ഇത്ര ശക്തമായി തന്നെ പ്രതികരിച്ചത്. കൃത്യമായ രാഷ്ട്രീയ അജണ്ടയുള്ള, വര്‍ഗീയമായ ഒരു കൊലപാതകമാണ് കത്വയില്‍ നടന്നത്. അതിനവര്‍ ആയുധമായി ഉപയോഗിച്ചത് പുരുഷ ലിംഗങ്ങളാണ്. അതാണ് സത്യം. അത് ഞാന്‍ പറയാതിരുന്നത് കൊണ്ടോ വരക്കാതിരുന്നത് കൊണ്ടോ വരച്ച ചിത്രം പിന്‍വലിച്ചത് കൊണ്ടോ അങ്ങനല്ലാതാവുന്നില്ല. ചിത്രം പിന്‍വലിക്കാന്‍ ഞാന്‍ ഒരുക്കമല്ല.

അത് ശിവലിംഗമല്ല, ദൈവവുമല്ല, എന്റെ പ്രതിഷേധമാണ്...

ബലാത്സംഗം ചെയ്യുന്നവരും കുറ്റകൃത്യത്തിന് പിന്തുണ നല്‍കുന്നവരും തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവരല്ല. അവര്‍ ചിന്തിക്കുന്നത് ലിംഗം കൊണ്ട് തന്നെയാണെന്നാണ് കുട്ടിയെ ലിംഗത്തില്‍ കെട്ടിയിട്ട പോലുള്ള ഒരു ചിത്രം കൊണ്ട് ഞാനുദ്ദേശിച്ചത്. രണ്ടാമത്തെ ചിത്രത്തില്‍ ഒരു രാഷ്ട്രീയ ആയുധമായി ലിംഗം പ്രയോഗിക്കുന്നുവെന്ന ആശയമാണ്. അത് കൊണ്ടാണല്ലോ ഒരു കുഞ്ഞിനെ ആരാധനാലയത്തിനകത്തുവന്നു ബലാത്സംഗം ചെയ്തു കൊന്നു കളഞ്ഞതും, കുറ്റകൃത്യം മാസങ്ങളോളം മൂടി വച്ചതും. അത് ശിവലിംഗമല്ല. ദൈവവുമല്ല. മറിച്ചു ആരാധനാലയത്തിനകത്തു വച്ച് ഒരു കുഞ്ഞിനെ കൊല്ലാന്‍ ലിംഗം ആയുധമാക്കിയവരെക്കുറിച്ചുള്ള എന്റെ പ്രതിഷേധമാണ് ആ ചിത്രങ്ങള്‍. അതിലുള്ള കുറി ദൈവത്തെയല്ല സൂചിപ്പിക്കുന്നത്. അത് സൂചിപ്പിക്കുന്നത് ബ്രാഹ്മണ്യത്തെയാണ് .

അവര്‍ ആകെ കണ്ടത് ശിവലിംഗമാണ്. അതിന് എനിക്കെന്തു ചെയ്യാന്‍ കഴിയും ?

'ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍
അവരുടേത് കൂടെയാണ് ഭാരതം
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും' അത് ഈ വിമര്‍ശിക്കുന്നവര്‍ വായിച്ചതായി പോലും കാണുന്നില്ല. അവര്‍ ആകെ കണ്ടത് ശിവലിംഗമാണ്. അതിന് എനിക്കെന്തു ചെയ്യാന്‍ കഴിയും ?

സാമൂഹിക ഇടപെടല്‍ വരയായി മാറുന്നത്...

ചിത്രംവര ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കണ്ണിന് സുഖമുള്ള കാഴ്ചകളില്‍ ഉപരിയായി യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ള എന്തെങ്കിലും വരയ്ക്കണം എന്ന ചിന്തയാണ് സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരയില്‍ വിഷയമാവുന്നത്. വായനയില്‍ നിന്നാണ് ആശയങ്ങള്‍ രൂപപ്പെടുന്നത്. മനസ്സില്‍ തട്ടുന്ന കാര്യങ്ങളാണ് വരക്കുന്നത്. ജീവിതാനുഭവമോ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളോ ആനുകാലിക വിഷയങ്ങളോ കാണുന്നവര്‍ക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്നവയാണ് വരക്കുന്നത്.

അവര്‍ ആ ചിത്രത്തെ വര്‍ഗീയമാക്കി മാറ്റി

ഗൗരി ലങ്കേഷ് വധവുമായി ബന്ധവുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതൊന്നും ഇത്രയ്ക്ക് വര്‍ഗീയമായ അവസ്ഥയില്‍ എത്തിയിരുന്നില്ല. പ്രത്യേക രാഷ്ടീയ വിഭാഗത്തിലുള്ളവര്‍ ചിത്രത്തെ വര്‍ഗീയമാക്കി മാറ്റുകയായിരുന്നു.

മതവിശ്വാസവും രാഷ്ട്രീയ കാഴ്ചപ്പാടും...

ലെഫ്റ്റ്-സോഷ്യലിസ്റ്റ് രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്കുള്ളത്. എന്നാല്‍, ഞാന്‍ ഒരു രാഷ്ട്രീയ ന്യായീകരണ തൊഴിലാളിയൊന്നുമല്ല. ഞാന്‍ ജനിച്ചത് ഹിന്ദുവായിട്ടാണ്. വലിയ വിശ്വാസിയൊന്നുമല്ല. വിശ്വസത്തോട് എതിര്‍പ്പുമില്ല, മമതയുമില്ല. എന്റെ വരയില്‍ എല്ലാ ബിംബങ്ങളും കടന്നു വരാറുണ്ട്. മതമോ രാഷ്ട്രീയമോ നോക്കിയല്ല ഞാന്‍ വരക്കുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങളോട് എന്റെ ഭാഷയില്‍ പ്രതികരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.  

വരകളിലൂടെയുള്ള പ്രതിഷേധം ഇനിയും തുടരും...

ഭീഷണിക്കും അതിക്രമങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ല. ഇപ്പോ എങ്ങനെയാണോ അത് പോലെ തന്നെ മുന്നോട്ട് പോകും. വരയിലൂടെയുള്ള പ്രതിഷേധം ഇനിയും തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു