കേദലിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു; ഇനി ആശുപത്രിയിലെ പ്രത്യേക സെല്ലില്‍

By Web DeskFirst Published Feb 10, 2018, 5:23 PM IST
Highlights

തിരുവനന്തപുരം: അച്ഛനും അമ്മയും സഹോദരിയുമടക്കം നാല് പേരെ കൊന്ന കേദല്‍ ജിന്‍സന്‍ രാജ അപകടനില തരണം ചെയ്തുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കൂട്ടകൊലപാതക കേസില്‍ വിചാരണ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപസ്മാരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കേദലിനെ ആശുപത്രിയില്‍ എത്തിച്ചത്.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടായിരുന്നതിനാല്‍ കേദലിനെ ജയിലില്‍ ഒറ്റയ്‌ക്കാണ് പാര്‍പ്പിച്ചിരുന്നത്. അത്കൊണ്ടു തന്നെ പുലര്‍ച്ചെ നാല് മണിയോടെ മാത്രമാണ് ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു അപ്പോള്‍. മരുന്നുകളോട് പ്രതികരിക്കാതെ അതീവ ഗുരുതരാവസ്ഥയിലായ കേദലിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഒരാഴ്ചയോളം നിലനിര്‍ത്തിയത്. ഇടയ്‌ക്ക് ന്യുമോണിയ ബാധിച്ചതും കരളിന്റെ പ്രവര്‍ത്തനം താറുമാറായതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. എന്നാല്‍ പിന്നീട് ആരോഗ്യനില ക്രമേണെ മെച്ചപ്പെട്ടു. മരുന്നുകളോട് ശരീരം പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിയിനായിരുന്നു ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വെച്ച് അച്ഛനെയും അമ്മയെയും സഹോദരിയെയും മറ്റൊരു ബന്ധുവിനെയും കേദല്‍ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസില്‍ നാഗര്‍കോവിലിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും പോയ കേദല്‍ തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. 

click me!