
തിരുവനന്തപുരം: ബിജെപി കേരളഘടകത്തിനെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പ്രതിരോധവുമായി സംസ്ഥാന നേതൃത്വം. ഇന്ന് ചേര്‍ന്ന സംസ്ഥാന തേതൃയോഗത്തിന് ശേഷമാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്. കോഴ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ചെയ്യാത്ത കുറ്റത്തിന്‍റെ പേരിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്.
ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദ് ഒരു ക്രിമിനൽ കുറ്റമാണ് ചെയ്തത്. കുറ്റക്കാരനാണെന്ന് അറിഞ്ഞ നിമിഷം തന്നെ വിനോദിനെ പുറത്താക്കിയെന്നുമാണ് പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എസ്.ശ്രീധരൻപിള്ള മാധ്യമങ്ങളെ അറിയിച്ചത്.
കുറ്റക്കാരനാണെന്ന് അറിഞ്ഞ നിമിഷം തന്നെ വിനോദിനെ പുറത്താക്കി. അയാളെ സംരക്ഷിക്കാനല്ല പാർട്ടി ശ്രമിച്ചത്. കുറ്റക്കാരനെ പുറത്താക്കി ഒരു നല്ല മാതൃകയാണ് ബിജെപി സൃഷ്ടിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു. വ്യക്തിനിഷ്ഠമായ കുറ്റമാണ് നടന്നത്. അതിനോട് എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടി പ്രതികരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. അഴിമതിയോട് സന്ധിചേരാൻ ബിജെപിക്കു സാധിക്കില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
വിഷയത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യം കണ്ടെത്തണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ. ആരെല്ലാം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുകൊണ്ടുവരണം. ഒരു പാർട്ടി കുറ്റം ചെയ്യുന്നതും ഒരു വ്യക്തി ചെയ്യുന്നതും രണ്ടാണ്. കുറ്റം ചെയ്തുകഴിഞ്ഞാൽ വ്യക്തിയെ പാർട്ടി സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഈ സംഭവം വിവാദമാക്കിയതിനു പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സംശുദ്ധ ജീവിതത്തിന്റെ ഉടമയായ, ഒരു കാപട്യവും കാണിക്കാത്ത ബിജെപി സംസ്ഥാന നേതാവിനുനേരെയും ആക്ഷേപം ഉയർന്നുവെന്ന് എം.ടി. രമേശിന്റെ പേരുപറയാതെ ശ്രീധരൻ പിള്ള സൂചിപ്പിച്ചു. ഒരു മാധ്യമത്തെയും രാഷ്ട്രീയ പാർട്ടിയെയും കുറ്റപ്പെടുത്തുന്നില്ല. റിപ്പോർട്ട് ചോർന്ന സംഭവത്തിൽ സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
അഖിലേന്ത്യാതലത്തിൽ ഭരണഘടന അനുസരിച്ച് നടപടി സ്വീകരിക്കും. എല്ലാ തരത്തിലുമുള്ള അന്വേഷണം നടത്തി. അതിനുശേഷമാണ് വിനോദിനെതിരെ നടപടിയെടുത്തത്. തെറ്റു വന്നാൽ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ബിജെപിയുടെ നടപടി മാതൃകയാണ്– ശ്രീധരൻ പിള്ള വ്യക്തമാക്കി. നേതൃയോഗത്തിന് ശേഷം ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനുമാണ് യോഗ കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍റെ അസാന്നിധ്യം ശ്രദ്ധേയമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam