
തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്റര്‍ മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണെന്നിരിക്കെ വേണ്ട നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ഉത്കണ്ഠകുലരാണെന്നും പ്രശ്നം പരിഹരിക്കാന്‍ അടിയന്തരിമായി ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം-കാസര്‍കോട് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മാത്രമാണ് വേഗം. സമയ കൃത്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ 68 റെയില്‍വെ ഡിവിഷനുകളില്‍ 63-ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന് ഉളളതെന്ന ദുഃഖസത്യം കൂടി ഓര്‍മ്മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു. കേരളത്തിലോടുന്ന ട്രെയിനുകള്‍ നിരന്തരമായി വൈകുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ട്രെയിന്‍ കൃത്യസമയം പാലിക്കാതായതോടെ മാധ്യമങ്ങളില്‍ റെയിവെക്കെതിരായ വാര്‍ത്തകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ട്രാക്കുകള്‍ മാറ്റുന്നതടക്കമുളള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും പുകമറ സൃഷ്ടിച്ച് വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്കരിച്ച് യാത്രക്കാരെ കബളിപ്പിക്കാനാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് സമയ കൃത്യത പാലിക്കുന്നതിനാവശ്യമായ നടപടിയുണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam