കലക്ടര്‍ എംപി തര്‍ക്കം തീര്‍ത്തത് പിണറായിയുടെ ഇടപെടല്‍

By Web DeskFirst Published Jul 4, 2016, 7:55 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലാണ് എം പി - കലക്ടര്‍ തര്‍ക്കത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. കലക്ടറുടെ നടപടികളെ പറ്റി എം കെ രാഘവൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എം പി മുഖ്യമന്ത്രിയുമായി ഫോണിലും സംസാരിച്ചു. എം കെ രാഘവന്‍റെ പരാതി ഗൗരവത്തോടെ പരിഗണിച്ച പിണറായി വിജയൻ പ്രശ്നത്തില്‍ ഇടപെടാൻ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ എൻ പ്രശാന്ത് എം കെ രാഘവനോട് മാപ്പ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതിനപ്പുറം ഇനിയൊന്നും പറയാനില്ലെന്ന നിലപാടിലാണ് കോഴിക്കോട് കലക്ടര്‍. കലക്ടറുടെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് എം കെ രാഘവനും പ്രതികരിച്ചു.

കലക്ടറുടെ മാപ്പപേക്ഷ ഫേസ്ബുക്കിലൂടെയുള്ള പരിഹാസപോസ്റ്റുകള്‍ക്കാണ്. എം പി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇതു മറുപടിയാകുന്നില്ല. എം പി ഫണ്ട് അനുവദിക്കുന്നതിലെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ഔദ്യോഗിക കാര്യങ്ങളെല്ലാം നിയമമനുസരിച്ച് തന്നെ മുന്നോട്ടുപോകുമെന്ന് കലക്ടര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലും വിവാദങ്ങളുടെ കാരണങ്ങള്‍ അതുപോലെ തുടരുകയാണ്. അതേസമയം കോഴിക്കോട് കലക്ടറെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു വീക്ഷണം പത്രത്തിന്‍റെ മുഖപ്രസംഗം. കളക്ടര്‍ക്ക് ജനാധിപത്യത്തോട് തന്നെ പുച്ഛമാണ്. കലക്ടര്‍ക്ക് കൊമ്പുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ മുറിക്കണം. 

ജനപ്രതിനിധിയുടെ വിശദീകരണങ്ങള്‍ക്ക് മറുപടിയായി മാപ്പും ബുള്‍സ് ഐയും പോസ്റ്റ് ചെയ്യുന്നത് ഊളത്തമാണെന്നും കലക്ടറുടെ കസേര ഊളകള്‍ക്കിരിക്കാൻ ഉള്ളതല്ലെന്നും തുടങ്ങി കടുത്ത ഭാഷയിലാണ് വീക്ഷണത്തിന്‍റെ വിമര്‍ശനം. കളക്ടറുടെ മാപ്പപേക്ഷ വരുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് വീക്ഷണത്തിന്‍റെ മുഖപ്രസംഗമെന്നാണ് അറിയുന്നത്.

click me!