സര്‍ക്കാറിന്‍റെ വയറുനിറച്ച് ഹൈക്കോടതി; രണ്ടു കേസുകളിലായി രൂക്ഷ വിമര്‍ശനം

By Web DeskFirst Published Mar 15, 2018, 11:19 AM IST
Highlights
  • സഭ കേസിലും മനോജ് വധക്കേസിലും സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കതിരൂർ മനോജ് വധക്കേസിലും സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും സർക്കാരിന് വിമർശനം . പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിമർശനം.

കേരള സർക്കാർ എതിർ സത്യവാങ്‌മൂലത്തിൽ കുറെ അധികം പൊരുത്തക്കേടുകൾ ഉണ്ട്.  കൊലപാതകം നടന്നാൽ മാത്രമേ യുഎപിഎ ചുമത്തും എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. പ്രതിയെ സഹായിക്കാൻ ഉള്ള പ്രവണത ആണ് സർക്കാർ കാണിക്കുന്നത്.ബോംബ് എറിയുന്നവൻ വെറുതേ നടക്കുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു.

ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്കാരെ സഹായിക്കും എന്നാണ് സർക്കാർ നിലപാട്. വനത്തിൽകിടക്കുന്ന ആദിവാസിയെ പിടിച്ചോണ്ടു വരാൻ മാത്രം ആണ് നിങ്ങൾ യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിനെതിരെ പ്രതികളായ പി ജയരാജനടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം സഭാ കേസിലും സർക്കാരിനെയും പൊലീസിനെയും കോടതി വിമർശിച്ചു. കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസ്സിലാവില്ലേയെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകർപ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നു. അവധി ദിവസങ്ങളായതിനാലെന്ന് സർക്കാർ വാദവും കോടതി തള്ളി. അവധി ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസെടുത്ത സാഹചര്യത്തിൽ തുടർ നടപടികൾ കോടതി  അവസാനിപ്പിച്ചു.

click me!