സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനെന്ന് ഹൈക്കോടതി

By Web DeskFirst Published Sep 25, 2017, 6:20 PM IST
Highlights

കൊച്ചി: സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനെന്ന് ഹൈക്കോടതി. ശങ്കർ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട ഹ‍‍ർജി പരിഗണിക്കുമ്പോഴായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ പരാമർശം. നിയമനം ചട്ടങ്ങൾ പാലിച്ചാണോയെന്നും കോടതി ചോദിച്ചു. ശങ്കർ റെഡ്ഡി ഉൾപ്പെടെ  അഞ്ചുപേരെ    ഡിജിപിമാരായി നിയമിച്ചതുമായി ബന്ധപ്പെട്ടുളള വിജിലൻസ് അന്വേഷണം ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർ‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്രയും ഡിജിപിമാർ ഉണ്ടായിട്ടും വിജിലൻസ് ഡയറക്ടറുടെ സ്ഥാനത്ത് ഇവരിൽ ഒരാളെ നിയമിക്കാത്തതെന്ത് എന്നും കോടതി ആരാഞ്ഞു. എന്നാൽ 4 ഡിജിപി തസ്തികകളാണ്  സംസ്ഥാനത്തുളളതെന്ന്  സർക്കാർ അറിയിച്ചു. രണ്ട് കേഡർ, എക്സ് കേഡർ തസ്തികകളാണുളളത്. ബാക്കിയുളളവർക്ക് ഡിജിപി റാങ്കിലല്ല ശമ്പളം നൽകുന്നതെന്നും സർക്കാർ അറിയിച്ചു.  

എന്നാൽ ഇത്രയും ഡിജിപിമാരെ നിയമിക്കാൻ കേന്ദ്ര ചട്ടം അനുവദിക്കുന്നുണ്ടോയെന്നും  കോടതി ആരാഞ്ഞു. എ‍ഡിജിപി  റാങ്കിലുളള നാല് ഉദ്യോഗസ്ഥർ‍ക്കുകൂടി ഡിജിപി പദവി നൽകാൻ സർക്കാ‍‍ർ കഴി‌ഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരൂമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കോടതി നിരീക്ഷണം.

click me!