
ചവറ: കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് പോലീസ് കസ്റ്റഡിയില് എടുത്തു. ചവറ സ്വദേശിനിയായ 28 വയസുകാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23 വയസുകാരനായ കാമുകനോടൊപ്പം പിടിയിലായത്. കഴിഞ്ഞ മാസം 18-നാണ് യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് നടത്തിവരുന്ന കടയിലെ ജീവനക്കാരനായിരുന്നു യുവാവ്.
മൂന്നുവർഷം മുന്പാണ് ഇയാൾ കടയിൽ ജോലിക്കുവന്നത്. ഇതിനിടെ കടയുടമയുടെ ഭാര്യയുമായി യുവാവ് പ്രണയത്തിലായി. സംഭവമറിഞ്ഞ യുവതിയുടെ ഭർത്താവ് എട്ടുമാസം മുന്പ് യുവാവിനെ കടയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മിൽ മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു വരികയായിരുന്നു.
യുവതി യുവാവിനോടൊപ്പം പോയതിനെ തുടര്ന്ന് ഭർത്താവിന്റെ പരാതിയിൽ ചവറ സിഐ അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുൽത്താൻ ബത്തേരിയിലുള്ള ഒരു എടിഎമ്മിൽ നിന്ന് യുവതി 40,000 രൂപ പിൻവലിച്ചതായി പോലീസിന് വിവരം ലഭിച്ചു. അടുത്ത ദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറിൽനിന്ന് വീണ്ടും 40,000 രൂപ പിൻവലിച്ചതായുള്ള വിവരത്തെതുടർന്ന് പോലീസ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഇതിനിടയിൽ ലഭിച്ച ഫോൺ നമ്പർ മഞ്ചേരിയിലുള്ള ഒരു യുവാവിന്റേതായിരുന്നു. ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുത്തിടെ പരിചയപ്പെട്ട യുവതിയുടെയും കാമുകന്റെയും വിവരങ്ങൾ ലഭിച്ചത്. തുടർന്ന് കൽപ്പറ്റയിലുള്ള ഒരു ഹോട്ടലിന് സമീപം വച്ച് ബൈക്കിൽ വരികയായിരുന്ന കാമുകനേയും കാമുകിയേയും കൽപ്പറ്റ പോലീസിന്റെ സഹായത്തോടെ ചവറ പോലീസ് പിടികൂടുകയായിരുന്നു.
40 പവനും പത്ത് ലക്ഷം രൂപയുമായാണ് യുവതി വീടുവിട്ടതെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ചവറ പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam