കേരള ലോട്ടറി: കോട്ടയത്ത് ഭാഗ്യദേവത രണ്ടുതവണ കടാക്ഷിച്ചു

By Web DeskFirst Published Aug 3, 2016, 12:45 PM IST
Highlights

കോട്ടയം: കോട്ടയത്തിന്റെ മലയോരമേഖയ്ക്ക് ഭാഗ്യദേവതയുടെ ഇരട്ട കടാക്ഷം. ഇവിടെ രണ്ടു ടാപ്പിങ് തൊഴിലാളികള്‍ക്ക് വ്യത്യസ്ത ഭാഗ്യക്കുറികളുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം അടിച്ചു. കടവും സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്ന കുടുംബങ്ങളിലേയ്ക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭാഗ്യം പടി കയറിയെത്തിയത്.

രണ്ടു ലക്ഷം രൂപയുടെ കടം വീട്ടാനായി വീടു വില്‍ക്കാനൊരുങ്ങുകയായിരുന്നു എരുമേലി സ്വദേശി റെജി ജോണ്‍. വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നുവെങ്കിലും അയ്യായിരത്തിന് താഴെ സമ്മാനമുണ്ടോയെന്ന് മാത്രം നോക്കുന്നതാണ് റെജിയുടെ പതിവ്. കഴിഞ്ഞയാഴ്ച നറുക്കെടുത്ത പൗര്‍ണമി ടിക്കറ്റിന്റെ ഫലവും റജി നോക്കിയത് പതിവ് തെറ്റിക്കാതെ. നിരാശനായി റജി ടിക്കറ്റ് കീറിക്കളയാന്‍ ഭാര്യ ചുമതലപ്പെടുത്തിയെങ്കിലും അവരതു ചെയ്തില്ല. എരുമേലയില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനമെന്നും ഉടമയെ കണ്ടെത്താനായില്ലെന്നും ജ്യേഷ്ഠന്‍ അറിയിച്ചതോടെ ഒന്നു കൂടി ഫലം നോക്കി. തന്റെ ടിക്കറ്റിന് ഒന്നാം സമ്മാനമായി 65 ലക്ഷം. സമാശ്വാസ സമ്മാനമായി 90,000 രൂപയും.

ഇറക്കി വിടാനൊരുങ്ങിയിട്ടും വിട്ടു പോകാതിരുന്ന ഭാഗ്യം റെജിക്കും കുടുംബത്തിനും വെളിച്ചമാകുന്നു. വരുമാനത്തിന്റെ പകുതിയും ലോട്ടറിക്ക് ചെലവാക്കിയിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ടി എം വര്‍ക്കിയും ഒന്നാം സമ്മാനം പ്രതീക്ഷിച്ചിട്ടില്ല. വരുമാനത്തിന്റെ പകുതിയും ലോട്ടറിയെടുക്കാന്‍ ചെലവാക്കുന്നതിനുള്ള ഭാര്യയുടെ എതിര്‍പ്പ് സന്തോഷത്തിന് വഴി മാറിയതില്‍ ആശ്വാസം. വിന്‍ വിന്‍ ലോട്ടറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പിലെ വിന്നിര്‍ വര്‍ക്കി. 65 ലക്ഷത്തിന്റെ ഉടമ. രോഗചികില്‍സയ്ക്കും. പാതവഴിയില്‍ നിലച്ച വീടു പൂര്‍ത്തിയാക്കാനും. ഭാഗ്യ ദേവത കനിഞ്ഞതില്‍ വര്‍ക്കിക്കും കുടുംബത്തിനും വലിയ സന്തോഷം.

click me!