റേഷൻ പ്രതിസന്ധി: ഇടപെടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിലേക്ക്

By Web DeskFirst Published Jan 14, 2017, 3:49 AM IST
Highlights

തിരുവനന്തപുരം: റേഷൻ പ്രതിസന്ധി പരിഹരിക്കാൻ  ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക്. വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമത്തിന് രൂപം നൽകിയ മുൻ യുപിഎ സർക്കാരിനെ വിമർശിക്കുന്നത് കാര്യമറിയാതെയാണെന്ന് മുൻ കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് വിശദീകരിച്ചു.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടെ  നഷ്ടമായ രണ്ടു ലക്ഷം മെട്രിക് ടൺ റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഭക്ഷ്യ കമ്മി നേരിടുന്ന കേരളത്തിന് കൂടുതൽ അരിക്ക് അർഹതയുണ്ട്. അരി മിച്ച സംസ്ഥാനമായ ജാർഖണ്ഡ്,കുറഞ്ഞ ജനസംഖ്യയുളള ആസാം തുടങ്ങിയ സംസ്ഥാനങ്ങളേക്കാൾ കേരളത്തിന് ലഭിക്കുന്ന റേഷൻ വിഹിതം കുറവാണെന്ന് സംസ്ഥാനം വാദിക്കുന്നു.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി റാംവിലാസ് പാസ്വാനെ കാണുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു.അരിവില നിയന്ത്രിക്കാനും നടപടിയെടുക്കും. 

സംസ്ഥനത്തിന്‍റെ റേഷൻ വിഹിതം  കൂട്ടണമെങ്കിൽ  കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യഭദ്രതാ നിയമത്തിന് ചുക്കാൻ പിടിച്ച മുൻ കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസ് പ്രതികരിച്ചു. അല്ലാതെ മുൻ സർക്കാരിനെ വിമർശിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു

 

click me!