മൈസൂരു-ബെംഗളൂരു പാതയില്‍ കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ക്ക് നേരെ ആക്രമണം പതിവാകുന്നു

By Web DeskFirst Published Mar 22, 2018, 11:12 PM IST
Highlights
  • വഴിയരികില്‍ മറഞ്ഞിരുന്ന് വാഹനങ്ങളുടെ മുന്നിലേക്ക് ചാടിവീഴുകയാണ്
  • ബുധനാഴ്ച രാത്രി ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി പണം തട്ടുകയായിരുന്നു

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ക്ക് നേരെ ആക്രമണം പതിവാകുന്നു. ശ്രീരംഗപട്ടണത്തിനടുത്ത് സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ വാള്‍മുനയില്‍ നിര്‍ത്തി പണം തട്ടിയതാണ് ഒടുവിലത്തെ സംഭവം. മാരകയാധുങ്ങളുമായെത്തിയ ആറംഗ സംഘമാണ് ബുധനാഴ്ച രാത്രി ആക്രമണം നടത്തിയത്.

വഴിയരികില്‍ മറഞ്ഞിരുന്ന് പൊടുന്നനെ വാഹനങ്ങളുടെ മുന്നിലേക്ക് ചാടിവീഴുകയാണ് അക്രമിസംഘങ്ങള്‍.കയ്യില്‍ മാരകായുധങ്ങളുമായെത്തുന്ന ഇവര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തകയാണ് ചെയ്യാറ്. മൈസൂരു-ബെംഗളൂരു പാതയില്‍ ദിവസവും ഇത്തരം കേസുകള്‍ നിരവധിയാണ്. ബുധനാഴ്ച രാത്രി ഇരയായത് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ്.

ശ്രീരംഗപട്ടണത്തിനും ഹുന്‍സൂറിനും ഇടക്ക് എലവാല പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് ബസ് കൊളളസംഘം തടഞ്ഞത്.വാതില്‍ പൊളിച്ച് അകത്തുകടക്കാനും അക്രമികള്‍ ശ്രമിച്ചു.ഒരു വിധം രക്ഷപ്പെട്ട് മുന്നോട്ടെടുത്തപ്പോഴേക്കും പുറകെ വന്ന ബസിനെ ലക്ഷ്യം വച്ച് സംഘം നീങ്ങി. തൊട്ടടുത്തുളള എലവാല പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് ഡ്രൈവർ പറയുന്നു. 

ബെംഗളൂരു കെഎംസിസി സഹായത്തോടെ മൈസൂരു പൊലീസിൽ പിന്നീട് പരാതി നൽകി.ചെറിയ വാഹനങ്ങളും ഈ പാതയിൽ  കൊളളയ്ക്കിരയാകാറുണ്ട്.. കഴിഞ്ഞ വർഷം ഒക്ടോബറിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഉളളിൽ കയറിയ സംഘം ആഭരണങ്ങളും പണവും കവർന്നിരുന്നു. മണ്ഡ്യ സ്വദേശികളായ നാല് പേരാണ് കേസിൽ പിടിയിലായത്.
 

click me!