സ്ത്രീകളുടെ അശ്ലീല ചിത്രം: വടകരയില്‍ ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു

By Web DeskFirst Published Apr 3, 2018, 6:20 PM IST
Highlights
  • സ്റ്റുഡിയോ ജീവനക്കാർ സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ളീല ചിത്രം ഉണ്ടാക്കിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വടകരയിൽ നാട്ടുകാരുടെ പ്രതിഷേധം.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തി

വടകര: സ്റ്റുഡിയോ ജീവനക്കാർ സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ളീല ചിത്രം ഉണ്ടാക്കിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വടകരയിൽ നാട്ടുകാരുടെ പ്രതിഷേധം.ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതികൾക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ആർ.എം. പി. നേതാവ് കെ. കെ. രമ ആരോപിച്ചു.

വിവാഹ വീടുകളിൽ നിന്നെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചായിരുന്നു ആക്ഷൻ  കമ്മിറ്റിയുടെ പ്രതിഷേധം. വടകര അടക്കാ തെരുവിൽ നിന്നാരംഭിച്ച മാർച്ച് സി ഐ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു.സത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്  പേരാണ് മാർച്ചിൽ പങ്കെടുത്തത്.സ്റ്റുഡിയോയിൽ മോർഫിംഗ് നടത്തി ചിത്രങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നേരത്തെ പരാതി നൽകിയിട്ടും  പൊലീസ് നടപടി എടത്തില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.

വി.പി സുഹ്റ, കെ. കെ. രമ, ഇ.പി ദാമോദരൻ തുടങ്ങിയവർ മാർച്ചിൽ സംസാരിച്ചു. പ്രശ്നത്തിൽ നീതി കിട്ടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പരാതിക്കാരായ സ്ത്രീകൾ പറഞ്ഞു. സദയം സ്റ്റുഡിയോ ഉടമ ദിനേശനെയും ഫോട്ടോഗ്രാഫർ സതീശനെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.എന്നാൽ എഡിറ്റർ ബബീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

അതിനിടയില്‍ സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു, വിവാഹ ചടങ്ങുകളില്‍ നിന്ന് പകര്‍ത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബിബീഷ് വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ എന്താണെന്ന് പോലും അറിയാത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

വ്യാജ പ്രൊഫൈലുകളുടെ മറവില്‍ ഇയാള്‍ പലരോടും ചാറ്റ് ചെയ്തിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് തന്‍റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിലവിലുള്ളതായി അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ നാല് മാസം മുന്‍പ് പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു. 

തന്റെ നഗ്നചിത്രം ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കിലുണ്ടെന്ന് സ്റ്റുഡിയോ ഉടമ തന്നെ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് മറ്റൊരു വീട്ടമ്മ വെളിപ്പെടുത്തി. സ്റ്റുഡിയോ ഉടമയുമായി വഴക്കിട്ട് ബിബീഷ് പിരിഞ്ഞുപോയപ്പോഴാണ് ഇയാള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് ഇയാളുടെ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്നായിരുന്നു നിലപാട്. 

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെ ഹാര്‍ഡ് ഡിസ്‌ക് നല്‍കി. നോക്കരുതെന്ന ഉറപ്പിലാണ് ഹാര്‍ഡ് ഡിസ്‌ക് നല്‍കിയത്. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ നാട്ടിലെ ഒട്ടുമിക്ക സ്ത്രീകളുടേയും നഗ്നചിത്രങ്ങള്‍ അതിലുണ്ടെന്ന് വ്യക്തമായി. പൂര്‍ണ നഗ്നചിത്രങ്ങളാണുണ്ടായിരുന്നത്. ഇയാളുടെ ഹാര്‍ഡ് ഡിസ്‌കില്‍ 46,000 ചിത്രങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

click me!