ലിബിയയില്‍ അക്രമിസംഘം തട്ടികൊണ്ടുപോയ റെജി ജോസഫിനെ മോചിപ്പിച്ചു

By Web DeskFirst Published Jul 6, 2016, 2:38 PM IST
Highlights

കോഴിക്കോട്: ലിബിയയില്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് റെജിയുടെ മോചനവിവരം സ്ഥിരീകരിച്ചു. ഇന്നലെ മോചിതനായ റെജി ജോസഫ് ലിബിയയിലെ ട്രിപ്പോളിയിലെ കുടുംബത്തോടൊപ്പം ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൂരച്ചുണ്ട് സ്വദേശിയായ റെജി ജോസഫിനെ ഈവര്‍ഷം മാര്‍ച്ചിലാണ് ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.

റെജി ജോസഫിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമം ഫലം കണ്ടു എന്നുപറഞ്ഞ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഷര്‍ ഖാനാണ് റെജി ജോസഫിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കിയതെന്നും സുഷമസ്വരാജ് വ്യക്തമാക്കി.റെജി ജോസഫിനെ തട്ടിക്കൊണ്ടുപോയ വിവരം  പുറത്തുവന്നതിന് ശേഷം കേരള സര്‍ക്കാരും കോഴിക്കോട് എം.പി എം.കെ.രാഘവനും വിദേശകാര്യ മന്ത്രിയോട് മോചനത്തിന് ഇടപെടണം എന്ന് അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചിരുന്നു.

റജി ജോസഫിന്റെ ബന്ധുക്കളും വിദേശകാര്യ മന്ത്രിക്ക് നിവേദനം നല്‍കി. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ ഒരു അടിസ്ഥാന സൗകര്യ വികസന കമ്പനിയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു റെജി ജോസഫ്. ലിബിയയില്‍ നേഴ്‌സായ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിക്കുകയായിരുന്നു റജി ജോസഫിനെ ട്രിപ്പോളിക്കടുത്ത സൂക് അല്‍ ജുമയിലാണ് ജോലി സ്ഥലത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്.

click me!