സ്വാശ്രയ പ്രശ്‍നം; സര്‍ക്കാരിനും മാനേജുമെന്‍റുകള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

By Web DeskFirst Published Aug 21, 2017, 11:24 AM IST
Highlights

കൊച്ചി: സ്വാശ്രയ മെഡിക്കൽ  പ്രവേശനം സംബന്ധിച്ച ഹർജിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫീസ് ഘടന ആകെ കുഴഞ്ഞുമറിഞ്ഞെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക സർക്കാർ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പൊതുപ്രവേശന കമ്മീഷണർ ഇറക്കിയ മുഴുവൻ ഉത്തരവുകളും നാളെ ഹാജരാക്കാനും ചീഫ് ജസ്റ്റീസ് നിർദേശിച്ചു.

സ്വകാര്യ  മെഡിക്കൽ മാനേജ്മെന്‍റ് പ്രവേശനം സംബന്ധിച്ച് സർക്കാർ നിശ്ചയിച്ച ഫീസ് നിരക്ക്  ചോദ്യം ചെയ്ത് മാനേജ്മെന്‍റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയിൽ വാദം തുടരുന്നത്.  സംസ്ഥാന സർ‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി  മാനേജ്മെന്‍റ് നിലപാടുകളെയും പരിഹസിച്ചു. വിദ്യാർഥികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ല.അവരുടെ ആശങ്ക  തിരിച്ചറിയുന്നില്ല. ഫീസ് ഘടന ആകെ കുഴഞ്ഞുമറിഞ്ഞു.  കാര്യങ്ങൾ ലളിതമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. സാധാരണക്കാരെ സംരക്ഷിക്കാനാണ് സുപ്രീംകോടതി ശ്രമിച്ചത്. എന്നാൽ അവരെപ്പോലും സർക്കാർ ബുദ്ധിമുട്ടിക്കുകയാണ്.

എൻ ആർ ഐ സീറ്റിൽ ഉയർന്ന ഫീസ് വാങ്ങി സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കാമെന്ന സുപ്രീംകോടതി നിർദേശവും സംസ്ഥാനത്ത് പാലിക്കപ്പെട്ടില്ല. ഇതിന്‍റെയെല്ലാം ദുരിതം അനുഭവിക്കുന്നത് വിദ്യാർഥികളും രക്ഷിതാക്കളുമാണെന്നും കോടതി ഓർമിപ്പിച്ചു. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് എൻട്രൻസ് പ്രവേശന പരീക്ഷാ കമ്മീഷണർ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളുടെയും നോട്ടിഫിക്കേശനുകളുടെയും പകർപ്പുകളും മുൻ കോടതി ഉത്തരവുകളും ഹാജരാക്കാനും അഡ്വക്കേറ്റ് ജനറലിനോട് ചിഫ് ജസ്റ്റീസിന്‍റെ ബെഞ്ച് നിർ‍ദേശിച്ചു. ഹ‍ർജിയിൽ നാളെയുംവിശദമായ വാദം തുടരും.


 

click me!