
കൊല്ലത്തെ നീണ്ടകര കടപ്പുറത്തേക്ക് വൈകുന്നേരങ്ങളില്‍ വന്നാല്‍ കാണുന്ന ഒരു കാഴ്‌ചയുണ്ട്. മണ്ണെണ്ണ കന്നാസുമായി നിരനിരയായി വരുന്ന മത്സ്യത്തൊഴിലാളികള്‍. എല്ലാവരും എത്തുന്നത് വീടുകളും കടകളും കേന്ദ്രീകരിച്ച് കരിഞ്ചന്തക്കച്ചവടം നടത്തുന്നയിടത്തേക്കാണ്. പലവ്യഞ്ജനക്കടയുടെ മറവിലാണ് കരിഞ്ചന്തയിലെ മണ്ണെണ്ണക്കച്ചവടം. ഒരു മത്സ്യത്തൊഴിലാളിക്കൊപ്പമെത്തിയ ഞങ്ങള്‍ക്ക് ആവശ്യത്തിന് മണ്ണെണ്ണ തന്നു. അധികൃതര്‍ പിടികൂടുമോയെന്ന് ചോദിച്ചപ്പോള്‍ പിടിക്കില്ലെന്നും, സംഘത്തീന്ന് വാങ്ങീന്ന് പറഞ്ഞാ മതി, ചോറ് വയ്ക്കാന്‍ സ്റ്റൗവില്‍ ഒഴിക്കാനെന്ന് പറഞ്ഞാ മതിയെന്നുമൊക്കെയാണ് കടക്കാരന്‍ പറഞ്ഞത്.
ലിറ്ററിന് 80 രൂപയാണ് ഇവിടെ മണ്ണെണ്ണയുടെ വില. നീണ്ടകയില്‍ നിന്നും ഞങ്ങള്‍ കൊല്ലം വാടി കടപ്പുറത്ത് എത്തി. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. ലിറ്ററിന് 75 രൂപയാണ് ഇവിടെ മണ്ണെണ്ണയ്‌ക്ക് വില. പൊതുവിതരണ ശൃഖലയിലൂടെ ലിറ്ററിന് 18 രൂപയ്ക്ക് സാധാരണക്കാരന്റെ വീട്ടിലെത്തേണ്ട മണ്ണെണ്ണയാണ് 75 ഉം 85 ഉം രൂപയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. നീല നിറമുള്ള ഈ സബ്‌സിഡി മണ്ണെണ്ണ എങ്ങനെ കരിഞ്ചന്തയിലെത്തുന്നു?
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രം. ബ്ലാക്കിന് കച്ചവടം ചെയ്യാന്‍ കുറച്ച് മണ്ണെണ്ണ ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തി. വില്‍ക്കാന്‍വേണ്ടി മണ്ണെണ്ണ ആവശ്യപ്പെട്ട് മാനേജരെ കണ്ടപ്പോള്‍, ഈ മാസം ഓണമായതിനാല്‍, ഓഫീസര്‍മാരുടെ പരിശോധന വ്യാപകമാണെന്നും, ഈ മാസം കഴിഞ്ഞു തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. എത്ര രൂപയ്‌ക്കാണ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 70 രൂപയ്‌ക്കാണ് കഴിഞ്ഞ മാസം നിക്‌സണ്‍ എന്നയാള്‍ക്ക് മണ്ണെണ്ണ നല്‍കിയതെന്നും സര്‍ക്കാര്‍ അംഗീകൃത മൊത്തവിതരണ കേന്ദ്രത്തിലെ മാനേജര്‍ മറുപടി നല്‍കി. അവിടെചെന്ന് കൊണ്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതായത് കൃത്യമായി കരിഞ്ചന്തയിലേക്ക് മണ്ണെണ്ണ എത്തുന്നത് സര്‍ക്കാരിന്റെ സംഭരണ കേന്ദ്രങ്ങളില്‍ നിന്നെന്ന് വ്യക്തമാണ്.
പള്ളിത്തോട്ടം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ആര കിലോമീറ്റര്‍ ദുരമില്ല നമ്മള്‍ കരിഞ്ചന്തയിലേക്ക് മണ്ണെണ്ണ വാങ്ങാന്‍ പോയ മൊത്തവിതരണ കേന്ദ്രത്തിലേക്ക്. പക്ഷേ അധികാരികളെയെല്ലാം കാണേണ്ടതുപോലെ കാണുന്നത് കൊണ്ടും രാഷ്ട്രീയ സ്വാധീനവും കാരണം ഇക്കൂട്ടര്‍ നിയമത്തിന് പുല്ല് വില കല്‍പ്പിക്കുന്നു. ഈ കൊള്ളയ്ക്ക് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം നല്‍കുന്ന വില വളരെ വലുതാണ്.
റിപ്പോര്‍ട്ട്- ആര്‍ പി വിനോദ്
ക്യാമറ- ഇബ്രാംഹീം ഖലീല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam