കെവിന്‍റെത് മുങ്ങി മരണം: ആശയക്കുഴപ്പം തീർക്കാന്‍ സ്ഥല പരിശോധന വേണമെന്ന് മെഡിക്കല്‍ ബോർഡ് യോഗം

By web deskFirst Published Jun 12, 2018, 6:06 PM IST
Highlights
  • മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന പരിശോധനയില്‍ മൃതദേഹത്തില്‍ കണ്ടെത്തിയ  ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്ന് അന്വേഷിക്കും. 

കോട്ടയം:  കെവിന്‍റെ മരണകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ മെഡിക്കല്‍ ബോർഡ് യോഗം പിരിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ  ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോർഡ് യോഗത്തിലാണ് കെവിന്‍റെ മരണത്തില്‍ അന്തിമ തീരുമാനമുണ്ടാകാതെ പിരിഞ്ഞത്.  കെവിന്‍റെ  മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന്  പൊലീസ് സർജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കാനും തീരുമാനമായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശകലനം ചെയ്തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കെവിന്‍റെ  ശരീരത്തിൽ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന പരിശോധനയില്‍ മൃതദേഹത്തില്‍ കണ്ടെത്തിയ  ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്ന് അന്വേഷിക്കും. 

ഗുണ്ടാ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ കെവിൻ മേയ് 27ന് രാവിലെ തെന്മല ചാലിയക്കരയിൽ പുഴയിൽ മുങ്ങി മരിച്ചുവെന്നാണ് പൊലീസിന്‍റെയും   പോസ്റ്റ്മോർട്ടത്തിലെ സൂചനകളും വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ അബോധാവസ്ഥയിലായ കെവിനെ ഗുണ്ടാ സംഘം പുഴയിലുപേക്ഷിച്ചതാകാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പിടിയില്‍ നിന്ന് കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് ഗുണ്ടാ സംഘത്തിന്‍റെ മൊഴി. കെവിന്‍റെ കൂടെ തട്ടികൊണ്ടുപോയ അനീഷ് കെവിനെ അവസാനം കാണുമ്പോള്‍ എഴുനേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നെന്നാണ് പോലീസ് മൊഴി നല്‍കിയിരുന്നത്. 

തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തെ നീനുവിന്‍റെ കുടുംബം എതിർത്തിരുന്നു. കെവിനെ കൊല്ലാന്‍ നീനുവിന്‍റെ ചേട്ടന്‍ ഷാനു ചാക്കോ നല്‍കിയ കൊട്ടേഷനെ തുടർന്നാണ് നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലപ്പെട്ടത്. ഇതിനിടെ  പ്രതി ഷാനു ചാക്കോയുടെ പക്കൽ നിന്നു പൊലീസ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയെന്ന കേസിൽപെട്ട പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. എഎസ്ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. 

click me!