സേലത്ത് ആറ് വയസ്സുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ച് കൊന്നതായി പരാതി

By Web DeskFirst Published Jul 4, 2016, 5:18 PM IST
Highlights

തമിഴ്‍നാട്ടിലെ സേലത്ത് ആറ് വയസ്സുകാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ച് കൊന്നതായി പരാതി. കുട്ടിയുടെ മൃതദേഹം വീട്ടിലെ പൂജാമുറിയിലെ ഒരു പാത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മേട്ടൂര്‍ പൊലീസ് പിടികൂടി.

സേലത്ത് മേട്ടൂരിനടുത്തുള്ള തെലുങ്കാനൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടത്തെ സര്‍ക്കാര്‍ സ്‍കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിയ്‌ക്കുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്‍കൂള്‍ വിട്ടു വരുന്ന വഴി പെണ്‍കുട്ടിയെ പതിനേഴുകാരന്‍ മിഠായി നല്‍കി പ്രലോഭിപ്പിച്ച് വീട്ടിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനു ശേഷം കുട്ടി അച്ഛനമ്മമാരോട് വിവരം പറയുമെന്ന് ഭയന്ന പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ദേഹത്ത് ബ്ലേഡ് കൊണ്ടു വരഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു ശേഷം കുട്ടിയുടെ മൃതദേഹം പ്രതി വീട്ടിലെ പൂജാമുറിയിലുണ്ടായിരുന്ന ഒരു പാത്രത്തില്‍ ഒളിപ്പിച്ചുവെയ്‌ക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അച്ഛനമ്മമാര്‍ പൊലീസിന് പരാതി നല്‍കി. ഇതിനിടെ കുട്ടി പ്രതിയോടൊപ്പം വീട്ടിലേയ്‌ക്ക് പോകുന്നതു കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പയ്യനെ പിടികൂടാനായി വീട്ടില്‍ പൊലീസെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

click me!