നല്ല ഭയമുണ്ടായിരുന്നു ഉള്ളില്‍,  പക്ഷേ ഞങ്ങള്‍ ഭയന്നാല്‍ ഈ നാട്...

By Web DeskFirst Published Jun 13, 2018, 4:05 PM IST
Highlights

ഒന്നര മീറ്റര്‍ അകലെ നിന്ന് സംസാരിച്ചാല്‍ ഒന്നുംവരില്ലയെന്ന് തന്നെയങ്ങ് തീരുമാനിച്ചു. അതിന് ഉറപ്പുണ്ടോയെന്ന് ചോദിച്ചാല്‍....

സംസ്ഥാനത്തിന് മുഴുവന്‍ ഭീതി വിതച്ച് കടന്നുവന്ന നിപ വൈറസിനെ കേരളം ഏതാണ്ട് കീഴ്പ്പെടുത്തിക്കഴിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ പോലും കേരളത്തിലെ ആരോഗ്യ വകുപ്പ് സാധ്യമാക്കിയ ഈ നേട്ടം പ്രകീര്‍ത്തിക്കുമ്പോള്‍ കൂട്ടമരണം ഭയന്ന ആ നാളുകളുടെ അനുഭവം വിവരിക്കുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. 

രോഗബാധിതരുടെ അടുത്തിരുന്നവര്‍ പോലും നിപ ബാധിച്ച് മരണത്തിന് കീഴടങ്ങിയ, ഉറ്റവരുടെ മൃതദേഹം പോലും സംസ്കരിക്കാന്‍ കഴിയാത്ത ഭീതിയുടെ നാളുകളില്‍ നിന്നും ഒരു നാടിനെയാകെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിലാണ് ശൈലജ ടീച്ചര്‍ വിശദീകരിച്ചത്. തനിക്ക് പോലും ഒരുവേള നല്ല ഭയം ഉള്ളിലുണ്ടായിരുന്നുവെന്നും പക്ഷേ ഞങ്ങള്‍ ഭയന്നാല്‍ നാട് മുഴുവന്‍ ഭയക്കുമെന്ന് മനസിലാക്കി സധൈര്യം മുന്നോട്ട് പോവുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നിപ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് ചങ്ങരോത്ത് ചെന്ന് അവടുത്തെ ജനങ്ങളോട് സംസാരിക്കുമ്പോഴും അവരില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാവുമെന്നതായിരുന്നു ഉള്ളിലെ ആശങ്ക. പിന്നെ ഒന്നര മീറ്റര്‍ അകലെ നിന്ന് സംസാരിച്ചാല്‍ ഒന്നുംവരില്ലയെന്ന് തന്നെയങ്ങ് തീരുമാനിച്ചു. അതിന് ഉറപ്പുണ്ടോയെന്ന് ചോദിച്ചാല്‍, നാട്ടിലെ ജനങ്ങള്‍ ഞങ്ങളെയും ഞങ്ങളുടെ ഒരു വാക്കും കാത്തിരിക്കുകയാണ്. ഉള്ളിലെ വിഷമങ്ങള്‍ മുഴുവന്‍ അവരുടെ മുഖത്ത് നിന്ന് ഒപ്പിയെടുക്കാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്ന് (ജൂണ്‍ 13, 2018) വൈകുന്നേരം 7.30ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും.
 

click me!