കൊച്ചി ഇംതിയാസ് ഖാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

By Web DeskFirst Published Nov 13, 2017, 7:38 PM IST
Highlights

കൊച്ചി: കൊച്ചി ഇംതിയാസ് ഖാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഗുണ്ടാ നേതാവ് മരട് അനീഷിനേയും ആറ് സംഘാഗങ്ങളേയുമാണ്  വെറുതെവിട്ടത്. കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ടാ ഗാംങ്ങുകൾ തമ്മിലുളള കുടിപ്പകയെത്തുടർന്ന് ഇംതിയാസ് കൊല്ലപ്പെട്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഭായി നസീറിന്‍റെ സംഘാംഗമായിരുന്നു ഇംതിയാസിനെ മരട് അനീഷും സംഘവും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കൊലപാതകം, മാരകമായി മുറിവേൽപിക്കൽ, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ഏഴ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നതെങ്കിലും ഒന്നുപോലും തെളിയിക്കാൻ കഴിഞ്ഞില്ല. കേസിലെ മുഖ്യപ്രതികളായിരുന്ന ഗുണ്ടാ നേതാവ് മരട് അനീഷ്, പാലാരിവട്ടം അക്ഷയയിൽ അജിത് , പാലക്കാട് ആലത്തൂർ കനിയംഗലം കൊച്ചുകുള്ളി കക്കാട് സനീഷ് , മധുര തിരുമംഗലം സ്വദേശി ഈശ്വർ , വിരുദുനഗർ സ്വദേശി സോണെകുമാർ , കോയമ്പത്തൂർ ഉദയംപാളയം രാജ് കുമാർ , പാലക്കാട് നെന്മാറ സ്വദേശി രാജീവ് എന്നിവരെയാണു ജില്ലാ അഡീ.സെഷൻസ് കോടതി വിട്ടയച്ചത്. 

ഇംതിയാസ് കൊല്ലപ്പെട്ട കാറിനുള്ളിൽ കണ്ടെത്തിയ രണ്ടു മുടിയിഴകളായിരുന്നു മുഖ്യപ്രതി അനീഷിനെതിരായ സുപ്രധാന തെളിവ്. എന്നാൽ മുടി കണ്ടെത്തി 20 ദിവസത്തിനു ശേഷമാണ് അന്വേഷണ സംഘം പരിശോധനയ്ക്ക് അയച്ചത്. അതിനിടയിൽ അനീഷ് പിടിക്കപ്പെട്ടിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ അയാളുടെ മുടികൾ പരിശോധനയ്ക്ക് അയച്ചതു പ്രോസിക്യൂഷൻ വാദത്തെ ദുർബലപ്പെടുത്തി. പ്രതി പിടിക്കപ്പെടും മുൻപെ അതു മുദ്രവച്ച കവറിൽ കോടതിയുടെ അനുവാദത്തോടെ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിൽ അനീഷിനെതിരായ ശക്തമായ തെളിവാകുമായിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കാൻ അന്നത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ തിരിമറി നടത്തിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 

2012 ഡിസംബർ 26 നാണു ചേരാനല്ലൂരിലെ പെട്രോൾ പമ്പിനു സമീപം ഇംതിയാസിനെ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെക്കൻ ചിറ്റൂർ ഡിവൈൻ നഗറിലെ വാടക വീട്ടിലാണ് ഇംതിയാസും കുടുംബവും താമസിച്ചിരുന്നത്. കാറിൽ പോകുമ്പോൾ എറണാകുളം വടുതലയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ 2013 ജൂലൈ ഇരുപത്തഞ്ചിനാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ പിന്നീട് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി 2015 മേയ് ഒന്നിനു കുറ്റപത്രം പുതുക്കി സമർപ്പിച്ചെങ്കിലും പിഴവുകൾ തിരുത്താൻ കഴിഞ്ഞിരുന്നില്ല.

click me!