
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനിടെ തൂണുകള്‍ക്കായി സ്ഥാപിച്ച കമ്പിക്കൂട് തകര്‍ന്ന സംഭവം ഗൗരവമേറിയതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സംഭവത്തില്‍ കരാറുകാരില്‍ നിന്ന് പിഴ ഈടാക്കാന്‍ ധാരണയായിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. തൈക്കൂടത്ത് ഒരാഴ്ച മുമ്പാണ് നിര്‍മ്മാണത്തിനിടെ മെട്രോ തൂണിന്റെ 20 അടിയോളം ഉയരത്തിലുള്ള കമ്പിക്കൂട് തകര്‍ന്ന് വീണത്. തൂണിന്റെ കോണ്‍ക്രീറ്റിന് മുമ്പായി കെട്ടി ഉയര്‍ത്തിയ കമ്പിക്കൂട് വാര്‍ക്കുന്നതിനിടെയായിരുന്നു അപകടം. ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയായിരുന്നു അപകടമെന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
നിര്‍മാണത്തില്‍ തകരാറില്ലെന്നും കമ്പിക്കൂട് തകര്‍ന്നിട്ടില്ലെന്നുമായിരുന്നു കരാറുകാരകന്റെ വിശദീകരണം. താഴെ വീണ് കിടന്നത് നിര്‍മാണ സാമഗ്രഹികളെന്നും കരാറുകാര്‍ വാദിച്ചു. എന്നാല്‍ ഡിഎംആര്‍സിയുടെ അന്വേഷണത്തില്‍ നിര്‍മ്മാണത്തിലെ പാകപ്പിഴ നിമിത്തം കമ്പിക്കൂട് തകര്‍ന്ന് വീണതാണെന്ന് കണ്ടെത്തി. തൈക്കുടം മെട്രോ സ്റ്റേഷനില്‍ പടിക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഒരു വശത്തെ കോണ്‍ക്രീറ്റ് ഇടിഞ്ഞിരുന്നു. വിദഗ്ധരല്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നതാണ് തുടര്‍ച്ചയായ വീഴ്ചകള്‍ക്ക് കാരണമെന്ന ആരോപണത്തിനിടെയാണ് ഡിഎംആര്‍സിയുടെ നടപടി.
തൃപ്പൂണിത്തുറ പേട്ട വരെയുള്ള മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല മൂന്ന് സ്വകാര്യ കരാറുകാര്‍ക്കായി വീതിച്ച് നല്‍കിയിരിക്കുകയാണ് ഡിഎംആര്‍സി. നിലവില്‍ തൈക്കൂടം വരെയാണ് മെട്രോ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2019 ജൂണില്‍ കൊച്ചി മെട്രോ പേട്ട വരെ സര്‍വ്വീസ് തുടങ്ങുമെന്നാണ് കെഎംആര്‍എല്‍ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam